കണ്ണൂർ :- സംസ്കാരത്തിന് ചിരട്ടയില്ലാത്തതു കാരണം പയ്യാമ്പലത്ത് പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ 2 മണിക്കൂർ വൈകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് നോട്ടീസയച്ചു.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 23 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നിശ്ചയിച്ച സമയത്ത് സംസ്കാരം നടത്താനാവാതെ ബന്ധുക്കൾ ബുദ്ധിമുട്ടിയതായാണ് റിപ്പോർട്ട്. ആമ്പുലൻസിൽ മൃതദേഹവുമായി കാത്തു നിൽക്കേണ്ട സാഹചര്യമുണ്ടായി. ബന്ധുക്കൾ സ്വയം ചിരട്ട വാങ്ങിയെത്തി സംസ്കാരം നടത്തിയ സംഭവവുമുണ്ടായി. കോർപ്പറേഷന്റെ അനാസ്ഥ കാരണമാണ് സംസ്കാരം തടസ്സപ്പെട്ടതെന്ന് പരാതിയുണ്ട്. ചിരട്ടയും വിറകുമില്ലാത്തിനാൽ മുമ്പും പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കുന്നത് വൈകിയതായി പരാതിയുണ്ടായിട്ടുണ്ട്. വിറക് കോർപ്പറേഷൻ ടെണ്ടർ വിളിച്ചെടുക്കാറാണ് പതിവ്. ചിരട്ട നേരിട്ട് വാങ്ങും.