മധുരൈ :- അർദ്ധരാത്രിക്ക് ശേഷം ജെസിബിയുമായി റോഡിലിറങ്ങിയ 17കാരൻ ഉണ്ടാക്കിയത് വ്യാപക നാശനഷ്ടങ്ങൾ. നിരവധി ഓട്ടോറിക്ഷകളും കെട്ടിടങ്ങളുടെ ഭാഗങ്ങളും തകർത്തു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ഒടുവിൽ ഇയാളെ തടഞ്ഞത്. പിന്നീട് പൊലീസിന് കൈമാറി. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു സംഭവം. പുലർച്ചെ 2.30ഓടെയാണ് അപ്രതീക്ഷിതമായി 17കാരൻ എക്സ്കവേറ്റർ സ്റ്റാർട്ട് ചെയ്തത്. ശേഷം ഓടിച്ച് റോഡിലേക്ക് ഇറക്കി. സെല്ലൂരിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഓട്ടോറിക്ഷകളും ബൈക്കുകളും കാറും ഇടിച്ച് തകർത്തു. ജെബിസിയുടെ മുൻവശത്തുള്ള ബക്കറ്റാണ് വാഹനങ്ങളിൽ ഇടിച്ചത്. തുടർന്നും നിർത്താതെ മുന്നോട്ട് നീങ്ങിയ വാഹനം 50 ഫീറ്റ് റോഡിലൂടെ ഏതാണ്ട് അര കിലോമീറ്ററോളം ഓടിച്ചു.
പോയ വഴിക്കുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ ഭാഗങ്ങളും ചില സൈൻ ബോർഡുകളും തകർത്തും. ഒരു സുരക്ഷാ ജീവനക്കാരൻ കഷ്ടിച്ചാണ് ജെസിബിക്ക് മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. വാഹനങ്ങളിൽ ഇടിക്കുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഒടുവിൽ 17കാരനെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി. പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറി. എന്താണ് സംഭവത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ മദ്യമോ മറ്റേതെങ്കിലും ലഹരി വസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.