കണ്ണൂർ :- ചരക്കുവണ്ടികളിൽ നിന്നുള്ള വരുമാനത്തിനൊപ്പം യാത്രാവരുമാനത്തിലും റെയിൽവേ കുതിക്കുന്നു. ചരക്കുവണ്ടിയിൽ നിന്ന് 2019-24 വരെ 7.02 ലക്ഷം കോടി രൂപയാണ് റെയിൽവേ നേടിയത്. അഞ്ചുവർഷത്തെ യാത്രാവരുമാനം 2.41 ലക്ഷം കോടി രൂപയാണ്. പ്രീമിയം തത്കാലും ഫ്ലക്സി നിരക്കും റെയിൽവേക്ക് വലിയ നേട്ടമുണ്ടാക്കി. തത്കാൽ ടിക്കറ്റ്, പ്രീമിയം തത്കാൽ വിഭാഗങ്ങളിലായി അഞ്ചുവർഷം (2019-24) 13,737 കോടി രൂപയാണ് റെയിൽവേ നേടിയത്.
തിരക്കുള്ള തീവണ്ടികളിൽ പ്രീമിയം തത്കാൽ ക്വാട്ടയിലൂടെ വരുമാനം കൊയ്യുമ്പോൾ യാത്രക്കാർക്കിത് പിടിച്ചുപറിയാണ്. അവധിക്കാല യാത്രക്കാരെ ലക്ഷ്യമിട്ടാണ് സ്ലീപ്പറിലും എസിയിലും ഇത് നടപ്പാക്കിയത്. ഒരു ബെർത്ത് റിസർവ് ചെയ്യാൻ മൂന്നിരട്ടി തുകവരെ നൽകണം. തത്കാൽ ക്വാട്ടയിലെ ബെർത്തുകളാണ് പ്രീമിയം ക്വാട്ടയിലേക്ക് മാറ്റിയത്. മാവേലി, മലബാർ എക്സ്‌പ്രസുകൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ പ്രധാന വണ്ടികളിലും ഇത് നടപ്പാക്കി. ആവശ്യക്കാർ കൂടുന്തോറും ടിക്കറ്റ് നിരക്ക് കൂടുന്ന ഫ്ളക്സി നിരക്കാണ് ഈ വണ്ടികളിൽ.
അവധിക്കാലം തുടങ്ങും മുൻപ് വർധന വന്നുകഴിഞ്ഞു. തിങ്കളാഴ്ച മാവേലി എക്‌സ്‌പ്രസിലെ തിരുവനന്തപുരം-കണ്ണൂർ തേർഡ് എസി യാത്രക്ക് 3010 രൂപ നൽകി (സാധാരണ 775 രൂപ, തത്കാൽ-1105 രൂപ). യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് തേർഡ് എസി യാത്രയ്ക്ക് 2840 രൂപയായിരുന്നു പ്രീമിയം നിരക്ക്. സാധാരണനിരക്ക് 1000 രൂപയാണ്. കഴിഞ്ഞ വിഷു അവധി നാളുകളിൽ തിരുവനന്തപുരം-കണ്ണൂർ യാത്രക്ക് സ്ലീപ്പർ ബെർത്തിന് 985 രൂപ നൽകിയവരുണ്ട് (സ്ലീപ്പർ-290 രൂപ, തത്കാൽ-395 രൂപ). ചെന്നൈ -മംഗളൂരു സൂപ്പർഫാസ്റ്റിൽ സ്ലീപ്പറിന് 1240 രൂപ വരെ എത്തി (സാധാരണ-430 രൂപ). സ്പെഷ്യൽ വണ്ടികളിൽ പലതും ഫ്ളക്സി നിരക്കാണ്.
ചരക്കുഗതാഗതത്തിൽ വൈവവിധ്യമുണ്ടാക്കിയാണ് റെയിൽവേയുടെ മുന്നേറ്റം. പരമ്പരാഗത ചരക്കുനീക്കത്തിനൊപ്പം കണ്ടയനറിൻ്റെ സാങ്കേതികത്വമടക്കം മാറി. ഉള്ളി, പഴവർഗങ്ങൾ, പച്ച ക്കറികൾ ഉൾപ്പെടെ കയറ്റി ഓടിക്കാൻ പ്രത്യേക കണ്ടെയ്നർ ഉപയോഗിക്കുന്നുണ്ട്.