ബെംഗളുരുവിൽ വാഹനാപകടത്തിൽ വാരം സ്വദേശിയായ യുവാവ് മരണപ്പെട്ടു


ബെംഗളുരു :- ബെംഗളുരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ മുണ്ടേരി വാരം സ്വദേശി മുഹമ്മദ്‌ ഷമൽ (25) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന യുവാവിനും അപകടത്തിൽ പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. ഞായറാഴ്ച രാവിലെ ബിടദിയിൽ വച്ചാണ് അപകടമുണ്ടായത്. വൈകിട്ടോടെ ഷമലിനെ നിംഹാൻസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മുഹമ്മദ്‌ ഷമലും സുഹൃത്തും 23കാരനുമായ ഗൗരീഷും സഞ്ചരിച്ചിരുന്ന ബൈക്ക് സ്പീഡ് ബ്രെയ്ക്കറിൽ നിന്ന് തെന്നി വീണ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഗൗരീഷിനെ ചെറിയ പരുക്കുകളോടെ രാംനഗരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മടിവാളയിലെ ഒരു സ്വകാര്യ ബേക്കറി കടയിൽ ജോലിക്കാരനായിരുന്നു മുഹമ്മദ് ഷമൽ. പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം ബെംഗലൂരു ശിഹാബ് തങ്ങൾ സെന്ററിൽ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യ കർമ്മങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ് ഷെറീന. സഹോദരി ഷംല ബാനു. കബറടക്കം കണ്ണൂർ സിറ്റി മൈതാനി പള്ളിയിൽ.

Previous Post Next Post