ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ല ; പഹല്‍ഗാം ഭീകരാക്രമണത്തില്‍ കനത്ത തിരിച്ചടിയുമായി ഇന്ത്യ


ദില്ലി :- പഹല്‍ഗാം ഭീകരാക്രമണത്തില്‍ കനത്ത തിരിച്ചടി തുടരുകയാണ് ഇന്ത്യ. അതിൽ ഏറ്റവും സുപ്രധാനമായ സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചത് കര്‍ശനമായി നടപ്പാക്കുമെന്ന തീരുമാനമാണ്. ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്ന് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിനായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടര്‍നീക്കങ്ങളും അമിത്ഷായുടെ നേതൃത്വത്തില്‍ വിലയിരുത്തി. പാകിസ്ഥാന് ജലം നല്‍കാതിരിക്കാനുള്ള ഹൃസ്വകാല ദീര്‍ഘകാല പദ്ധതികള്‍ തയ്യാറായിട്ടുണ്ട്. 

ആഭ്യമന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജൽ ശക്തി മന്ത്രി സിആര്‍ പാട്ടീൽ പറ‍ഞ്ഞത് സിന്ധു ജലം പാക്കിസ്ഥാനിലേക്ക് ഒഴുകാതിരിക്കാനുള്ള പദ്ധതികളെ കുരിച്ചായിരുന്നു. ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് പോകില്ല, അതിനായി സര്‍ക്കാര്‍ ഹ്രസ്വ, ദീര്‍ഘ കാല പദ്ധതികൾ തീരുമാനിച്ചു. നദികളിലെ മണ്ണ് നീക്കി വെള്ളം വഴിതിരിച്ച് വിടാനുള്ള പദ്ധതികൾ തുടങ്ങുമെന്നും മന്ത്രി അറിയിക്കുന്നു.

നയതന്ത്ര തലത്തിലെ ഈ നടപടികള്‍ക്ക് പിന്നാലെ നീക്കങ്ങള്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുകയാണ്. ബിജ്ബഹേരയിലും ത്രാലിലുമായി രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞ രാത്രി തകര്‍ത്തു. ബന്ദിപ്പോരയിലെ കുല്‍നാര്‍ ബാസിപ്പോരയില്‍ ലഷ്ക്കര്‍ ഇ തയ്ബ ടോപ്പ് കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയെ വധിച്ചു. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പാക് ആര്‍മിക്ക് തക്ക മറുപടി നല്‍കി. മുഖ്യമന്ത്രിമാരുമായി സംസാരിച്ച അമിത്ഷാ എത്രയും വേഗം പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ചക്കുള്ളില്‍ നാട് വിടാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് രണ്ട് ദിവസം കൂടി തുടരാം. 

പഞ്ചാബ് അതിര്ത്തിയില്‍ പിടികൂടിയ ബിഎസ്എഫ് ജവാന്‍റെ തുടര്‍ വിവരങ്ങള്‍ ലഭ്യമാക്കാത്തതിലും കടുത്ത അതൃപ്തി ഇന്ത്യ അറിയിച്ചു കഴിഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം കൂടുതല്‍ മോശമാകുമ്പോള്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സാഹചര്യം ഇനി വഷളായിക്കൂടെന്ന് യുഎന്‍ വക്താവ് സ്റ്റെഫയിന്‍ ഡ്യുജാറക്ക് പറഞ്ഞു.

അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ 5 ഭീകരരില്‍ രണ്ട് പേരുടെ കൂടി രേഖാചിത്രം അന്വേഷണ സംഘം തയ്യാറാക്കി. മൂന്ന് പേരുടെ ചിത്രം നേരത്തെ പുറത്ത് വിട്ടിരുന്നു. രാത്രിയിലും ഭീകരര്‍ക്കായി സൈന്യവും, പോലീസും വ്യാപകമായ തെരച്ചില്‍ നടത്തും. തീവ്രവാദ കേസുകളില്‍ പെട്ടവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ആയുധക്കടത്ത് സംശയിച്ച് കശ്മീരിന് പുറമെ പഞ്ചാബിലും എന്‍ഐഎ പരിശോധന നടത്തി.

ജമ്മുകശ്മീരിലെത്തിയ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സാഹചര്യം വിലയിരുത്തി.കശ്മീരിലേക്ക് കൂടുതല്‍ സേനയെ അയച്ചേക്കും. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ നിയമസഭ പ്രത്യേകം സമ്മേളിക്കും. കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയേയും, ലഫ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയേയും കണ്ട് ഭീകരാക്രമണത്തിന്‍റെ വിശദാംശങ്ങള്‍ രാഹുല്‍ തേടി.

Previous Post Next Post