കൊളച്ചേരി:- മാറിയ പാഠ്യ പദ്ധതിയനുസരിച്ച് നൂതനമായ ഭാഷാ പഠനത്തിന് മാതൃക കാട്ടിയ ഒന്നാം ക്ലാസ് അധ്യാപകരുടെ സംസ്ഥാന സംഗമത്തിൽ കൊളച്ചേരി ഇ.പി.കെ.എൻ എസ് എൽപി സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപിക വി.വി. രേഷ്മടീച്ചർ' ഒന്നഴക് 'പുരസ്കാരത്തിന് അർഹയായി. കഴിഞ്ഞ അധ്യയന വർഷം ക്ലാസിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
തിരുവനന്തപുരം നേമം ഗവ. യുപി സ്കൂളിൽ നടന്ന സംഗമത്തിൽ വെച്ച് മൊമെൻ്റോയും പ്രശസ്തിപത്രവും എസ്.ഇ ആർ.ടി ഡയരക്ടർ ഡോ. എ.കെ. ജയപ്രകാശിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഒന്നാം ക്ലാസിലെ നൂതന ബോധതന്ത്രങ്ങൾ ഫലപ്രദമായി വിനിമയം ചെയ്തതിനാണ് പുരസ്കാരം.സചിത്ര പുസ്തകം ,സംയുക്ത ഡയറി, പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, അയൽപക്ക വായനക്കൂട്ടങ്ങൾ എന്നിവയിലൂടെ കുട്ടികൾക്ക് പഠന സന്നദ്ധതയും താല്പര്യവുമുണർത്തി രക്ഷിതാക്കളുടെയും സമൂഹത്തിൻ്റെയും പിന്തുണയോടെ ക്ലാസ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോവുന്നതെങ്ങനെയെന്ന പരീക്ഷണമാണ് രേഷ്മ ടീച്ചറുടെ നേതൃത്വത്തിൽ നടന്നത്.
കഴിഞ്ഞ വർഷം കുട്ടികൾ സ്വന്തമായി എഴുതിയ 18 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ സ്കൂൾ ശ്രദ്ധയാകർഷിച്ചിരുന്നു. ഡോ. സി രാമകൃഷ്ണൻ, ഡോ. ടി.പി. കലാധരൻ, എസ് ഇആർടി റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, ഡയറ്റ് പ്രിൻസിപ്പൽ ഗീതാകുമാരി, അമുൽ റോയ്,സൈജ . എസ് തുടങ്ങിയവർ സംബന്ധിച്ചു.