മണ്ണിടിച്ചിൽ സാധ്യത ; അമ്മയെയും മകളെയും സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ :-  മണ്ണിടിച്ചിലിൽ നിന്നും പള്ളിപ്രം മുള്ളങ്കണ്ടി സ്വദേശി ഇ. ബീനയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള നിയമാനുസൃത നടപടികൾ കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. അയൽവാസി മണ്ണിടിച്ചതു കാരണം പരാതിക്കാരിയുടെ വീടിന്റെ മുറ്റം ഇടിഞ്ഞെന്നും വീട് അപകടാവസ്ഥയിലാണെന്നും കോർപ്പറേഷൻ സെക്രട്ടറി തന്നെ കമ്മീഷനിൽ സമ്മതിച്ച സാഹചര്യത്തിലാണ് ഉത്തരവ്. 

 മുൻസിപ്പൽ നിയമത്തിൽ നിഷ്ക്കർഷിക്കുന്ന രീതിയിൽ അപകടാവസ്ഥ ഇല്ലാതാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പെർമിറ്റ് പ്രകാരമാണ് എതിർകക്ഷി വീട് നിർമ്മിച്ചതെന്നും പരിശോധനക്ക് ശേഷമാണ് കെട്ടിടനമ്പർ അനുവദിച്ചതെന്നുമുള്ള കോർപ്പറേഷന്റെ വാദം അപകടാവസ്ഥ ഇല്ലാതാക്കുന്നില്ലെന്നും ഉത്തരവിൽ പറഞ്ഞു. പട്ടികജാതി വിഭാഗത്തിലുള്ള പരാതിക്കാരി മകളോടൊപ്പമാണ് അപകടാവസ്ഥയിലുള്ള വീട്ടിൽ താമസിക്കുന്നത്. അയൽവസ്തുവിന്റെ ഉടമ ജെ.സി.ബി. ഉപയോഗിച്ച് അവരുടെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് ആരോപണം.


Previous Post Next Post