തിരുവനന്തപുരം :- കൊറിയർ സർവീസ് വഴിയെത്തുന്ന ലഹരി പാഴ്‌സലുകൾ പിടികൂടാൻ കൊറിയർ കമ്പനി ഗോഡൗണുകളിൽ 'സ്‌കാനറുകൾ' വയ്ക്കണമെന്ന് പൊലീസ് നിർദേശം. കൊറിയർ കമ്പനിയുടമകളുടെ യോഗം വിളിച്ചാണ് ഈ നിർദേശം വച്ചത്. ചില കൊറിയർ കമ്പനികൾ വഴി വിദേശത്തു നിന്നു പോലും ലഹരിവസ്‌തുക്കൾ കേരളത്തിലെ വീടുകളിൽ സുരക്ഷിതമായി എത്തുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഡാർക്ക് വെബ് വഴിയാണ് ഇത്തരം ലഹരിയുടെ വ്യാപാരം. സ്കാനർ വയ്ക്കുന്ന ചെലവിന് കൊറിയർ കമ്പനികളുടെയും ഓൺലൈൻ ഷോപ്പിങ് കമ്പനികളുടെയും സഹായം പൊലീസ് തേടി. ഈ സ്‌കാനർ വഴി ഇടയ്ക്കു പരിശോധിക്കുന്നതിനാണ് പൊലീസ് തീരുമാനം. വിദേശ രാജ്യങ്ങളിൽ ഇത്തരം സ്‌കാനറുകൾ ഉപയോഗിക്കാറുണ്ട്.
കൊറിയർ കമ്പനികളുടെ ഗോഡൗണുകളിൽ പൊലീസിൻ്റെ ഡോഗ് സ്ക്വാഡിലെ ലഹരി സ്പെഷൽ സ്‌നിഫർ ഡോഗുകളെ പതിവായി പരിശോധനയ്ക്ക് നിയോഗിക്കുമെന്നും എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. വീട്ടിലേക്കു വരുന്ന പാഴ്സൽ വീട്ടിൽ വാങ്ങാതെ പുറത്തുവച്ച് പതിവായി വാങ്ങുന്നവരെയും നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ കൊറിയർ കമ്പനികൾക്ക് പൊലീസ് നിർദേശം നൽകി. ഇതിൽ പലതും സംശയാസ്‌പദമാണെന്നു കമ്പനി പ്രതിനിധികൾ പൊലീസിനോട് പറഞ്ഞിരുന്നു. രഹസ്യ വിവരം ലഭിക്കാതെ പാഴ്സലുകളിൽ വരുന്ന ലഹരി പിടികൂടാൻ പൊലീസിന് മാർഗമില്ല. നഗരത്തിൽ ലഹരി പാഴ്സലുകൾ ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ വഴി കൈമാറ്റം ചെയ്യുന്നതും പൊലീസിൻ്റെ ശ്രദ്ധയിൽപെട്ടിരുന്നു. എല്ലാ ജില്ലകളിലും കൊറിയർ കമ്പനികളുടെ യോഗം പൊലീസ് വിളിച്ചിട്ടുണ്ട്. എല്ലാ ഗോഡൗണുകളിലും നിരീക്ഷണം ഏർപ്പെടുത്തും.