ഹജ്ജ് തീർഥാടകർക്ക് താമസിക്കാൻ 4 ലക്ഷത്തിലേറെ മുറികൾക്ക് പെർമിറ്റ് നൽകി മക്ക മുനിസിപ്പാലിറ്റി


റിയാദ് :- ഹജ്ജ് തീർഥാടകർക്ക് താമസിക്കാൻ വിവിധ ഹോട്ടലുകളിലും വില്ലകളിലും മറ്റ് കെട്ടിടങ്ങളിലും 4,28,000 മുറികൾക്ക് മക്ക മുനിസിപ്പാലിറ്റി പെർമിറ്റ് നൽകി. 18 ലക്ഷം തീർഥാടകർക്ക് താമസിക്കാൻ പര്യാപ്തമാണിത്. 76 ലക്ഷം ചതുരശ്ര മീറ്റർ പരിധിക്കുള്ളിലാണ് 3,149 കെട്ടിടങ്ങളിൽ പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ആവശ്യമായ എല്ലാ നിബന്ധനകളും പൂർത്തിയാക്കിയ ശേഷം തീർഥാടകർക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്.

തീർഥാടകർക്ക് ഉയർന്ന നിലവാരവും സുരക്ഷയുമുള്ള പാർപ്പിട സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിെൻറ പൂർത്തീകരണമാണ്. കർശനമായ നിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കുന്നതിലൂടെയും അംഗീകൃത നിബന്ധനകൾ പാലിക്കുന്നതിലൂടെയും തീർഥാടകരുടെ താമസം ഏറ്റവും ഉയർന്ന നിലവാരത്തിലാക്കാനുള്ള ദൗത്യത്തിെൻറ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടിയെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. ജീവിത നിലവാരം ഉയർത്തുന്നതിനും ഹജ്ജ് പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സുരക്ഷയുടെയും സുഖസൗകര്യങ്ങളുടെയും ഉയർന്ന നിലവാരം പാലിക്കുന്നതിലൂടെ ഭവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Previous Post Next Post