തിരുവനന്തപുരം :- പ്രതിയിൽ നിന്നു തെളിവുകൾ കണ്ടെത്തുന്നതിനും ശാസ്ത്രീയപരിശോധന നടത്തി അപ്പോൾ തന്നെ കുറ്റകൃത്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനുമുള്ള ക്രിമിനൽ ഐഡന്റിഫിക്കേഷൻ മുറികൾ കേരളത്തിൽ 59 സ്ഥലങ്ങളിൽ പൊലീസ് സജ്ജീകരിക്കും. പൊലീസിന് സ്വന്തമായി സ്ഥലം ഇല്ലാത്തിടത്ത് ജയിലിൽ ഇതിനുള്ള സൗകര്യമുണ്ടാക്കും. പ്രതിയിൽ നിന്ന് ശാസ്ത്രീയതെളിവുകൾ ശേഖരിക്കുന്നതിനും മറ്റു തെളിവുകൾ ഏകോപിപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കാനുമായി ആധുനിക ഉപകരണങ്ങൾ ഇവിടെ ഉണ്ടാകും. ഈ ഉപകരണങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്കു നൽകും. കുറ്റകൃത്യം നടന്നാൽ പ്രതികളെയും സാക്ഷികളെയും ഈ മുറിയിൽ എത്തിക്കും. ശാസ്ത്രീയ പരിശോധന ഈ മുറിയിൽ നടക്കും. പ്രതിയുമായി പരിശോധനയ്ക്ക് ഇനി പലയിടങ്ങളിലേക്കു പോകേണ്ടതില്ല.
പ്രതിയുടെ വിരലടയാളവും കൈപ്പത്തി പ്രിന്റും എടുത്ത് ഇതിന് രാജ്യത്ത് മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിലെ കേസുമായി സാമ്യമുണ്ടോയെന്ന് ഉടൻ പരിശോധിക്കും. പ്രതിയുടെ ഫോട്ടോയുടെ സാമ്യവും ഇപ്രകാരം പരിശോധിക്കാം. കണ്ണിൻ്റെ സ്കാനിങ് നടത്തി പ്രതിയുടെ ചരിത്രം കണ്ടെത്താം. ശബ്ദ സാംപിളുകളുടെ പരിശോധനയും ഇവിടെ നടക്കും. രാജ്യത്തെ ക്രിമിനൽ ഡേറ്റാബേസുമായി ഒത്തുനോക്കി പ്രതിയുടെ മറ്റു കേസുകളും സ്വഭാവവും കണ്ടെത്താൻ കഴിയും. ഒപ്പം മൊബൈൽ ഫോൺ പരിശോധന നടത്തി പ്രതിയുടെ സഹായികളെയും ഉടനെ കണ്ടെത്താം. അന്വേഷണത്തിനുള്ള കാലതാമസവും ഒഴിവാക്കാനാകും. 20 മൊബൈൽ സൈബർ ഫൊറൻസിക് ലാബുകളും സജ്ജമാക്കുന്നുണ്ട്.