സൈനികനെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ആർമി ഓഫീസർ മരണപ്പെട്ടു


ദില്ലി :- സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ആർമി ഓഫീസർ ഒഴുക്കിൽപ്പെട്ട് മരിച്ചു. സിക്കിമിലാണ് സംഭവം. കഴിഞ്ഞ വർഷം ഡിസംബറിൽ കമ്മീഷൻ ചെയ്യപ്പെട്ട സിക്കിം സ്കൗട്ട്സിലെ 23 കാരനായ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് അപകടത്തിൽ മരിച്ചത്. സൈനിക പോസ്റ്റിലേക്ക് നീങ്ങുന്നതിനിടെ, പട്രോളിംഗ് ടീമിലെ അ​ഗ്നിവീർ സ്റ്റീഫൻ സുബ്ബ തടിപ്പാലം കടക്കുന്നതിനിടെ കാലുതെറ്റി പുഴയിലേക്ക് വീണു. 

സുബ്ബയെ രക്ഷിക്കാൻ ലെഫ്റ്റനന്റ് തിവാരി വെള്ളത്തിലേക്ക് ചാടി. മറ്റൊരു സൈനികൻ നായിക് പുക്കർ കട്ടേലും സഹായത്തിനായി എത്തി. അഗ്നിവീറിനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ശക്തമായ ഒഴുക്കിൽ ലെഫ്റ്റനന്റ് തിവാരി മുങ്ങി. ഏകദേശം 30 മിനിറ്റിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം 800 മീറ്റർ താഴെ നിന്ന് കണ്ടെത്തി. മാതാപിതാക്കളും സഹോദരിയും മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളത്.

വരും തലമുറകളുടെ സൈനികർക്ക് പ്രചോദനമാകുന്ന ധൈര്യത്തിന്റെയും സൗഹൃദത്തിന്റെയും പാരമ്പര്യം അദ്ദേഹം അവശേഷിപ്പിച്ചുവെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു. സൈനികന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ്, ബെങ്‌ദുബി മിലിട്ടറി സ്റ്റേഷനിൽ ത്രിശക്തി കോർപ്‌സ് ജിഒസി ലെഫ്റ്റനന്റ് ജനറൽ സുബിൻ എ മിൻവാല പൂർണ്ണ സൈനിക ബഹുമതികളോടെ പുഷ്പചക്രം അർപ്പിച്ചു. 

Previous Post Next Post