ന്യൂഡൽഹി :- രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപന 17% ഇടിഞ്ഞു. വിവാഹ, ഉത്സവ സീസണിന്റെ കുറവാണ് വിൽപന ഇടിയാൻ കാരണമെന്ന് യെസ് സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പറയുന്നു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിൽപനയാണ് കഴിഞ്ഞ മാസമുണ്ടായത്. ഇന്ത്യയിൽ ഏറ്റവുമധികം ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചിരുന്ന ഹീറോ മോട്ടർ കോർപ്പിന് കഴിഞ്ഞ മാസം 43% ഇടിവ് നേരിട്ടു. 4.2 ലക്ഷം ബൈക്കുകൾ വിറ്റ ഹോണ്ടയാണ് വിപണിയിൽ മുന്നിലെത്തിയത്.
മുൻ മാസങ്ങളെ അപേക്ഷിച്ച് ഹോണ്ടയുടെ വിൽപനയിലും 12% ഇടിവുണ്ടായിട്ടുണ്ട്. ഇലക്ട്രിക് ബൈക്കുകളുടെ വിൽപന ഉയർന്നതിനാൽ ടിവിഎസിന്റെ വാഹന വിൽപന 7% നേട്ടം കൈവരിച്ചു. 3,23,647 ബൈക്കുകളാണ് ടിവിഎസ് വിറ്റത്. കൂടാതെ 27,684 ഇലക്ട്രിക് ബൈക്കുകളും വിറ്റു, ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിൽ 59% വർധനയാണ് ടിവിഎസിനുണ്ടായത്. ആകെ വാഹന വിൽപനയിൽ മൂന്നാം സ്ഥാനത്താണ് ടിവിഎസ്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് ഇരുചക്രവാഹന വിൽപന കൂടുതൽ.