വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ അവയ്ക്ക് പ്രത്യേക ശ്രദ്ധയും പരിപാലനവും നൽകേണ്ടത് പ്രധാനമാണ്. മൃഗങ്ങളിൽ ഉണ്ടാകുന്ന പേവിഷബാധ നിസ്സാരമായ കാര്യമല്ല. നമ്മുടെ മൃഗത്തിന് അങ്ങനെ ഉണ്ടാവാൻ സാധ്യതയില്ല എന്ന് കരുതി കാര്യങ്ങളെ പ്രാധാന്യമില്ലാതെ കാണുമ്പോൾ അപകടങ്ങൾ സംഭവിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ 3 കുട്ടികൾ പേവിഷബാധയേറ്റ് മരിച്ചിരുന്നു. മരിച്ച കുട്ടികളെല്ലാം തന്നെ വാക്സിൻ എടുത്തിരുന്നവരാണ്.
മുമ്പും നിരവധി മരണങ്ങൾ പേവിഷബാധയേറ്റ് സംഭവിച്ചിട്ടുണ്ട്. ഇതിൽ അധികവും തെരുവ് നായ്ക്കളുടെ കടിയെത്തുടർന്ന് പേവിഷബാധയേറ്റവരാണ്. എന്നാൽ തെരുവ് നായ്ക്കളിൽ നിന്നും മാത്രമല്ല വീട്ടിൽ വളർത്തുന്ന നായ, കുറുക്കൻ, കാട്ടു പൂച്ച തുടങ്ങിയ മൃഗങ്ങളിൽ നിന്നും പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. പേവിഷബാധയെന്ന് കേൾക്കുമ്പോഴേ എല്ലാവരുടെയും കണ്ണ് നായ്ക്കളെ കേന്ദ്രീകരിച്ചാണ് ഉണ്ടാകാറുള്ളത്. എന്നാൽ പൂച്ചകളെയും ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
എന്തുകൊണ്ടാണ് പൂച്ചകൾ അപകടകാരികളാവുന്നത്?
പൂച്ചകളെ വീടിനുള്ളിൽ മാത്രമല്ല വളർത്തുന്നത്. അവയെ നമ്മൾ പുറത്തേക്കും വിടാറുണ്ട്. ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞാവും പൂച്ച തിരിച്ചുവരുന്നത് പോലും. പുറത്തേക്ക് പോയി വരുമ്പോൾ അവയുടെ സ്വഭാവം എങ്ങനെയാണെന്നോ അവയ്ക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നോ നമുക്ക് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. എവിടേക്കാണ് പോയതെന്നോ എന്തൊക്കെ ചെയ്തുവെന്നോ പോലും നമ്മൾ അറിയുകയുമില്ല. മറ്റ് പൂച്ചകളുമായുള്ള സമ്പർക്കത്തിലോ പുറത്തേക്ക് പോകുമ്പോഴൊക്കെയും പൂച്ചകൾക്ക് പേവിഷബാധയേൽക്കാൻ സാധ്യതയുണ്ട്.
പൂച്ചകൾ എപ്പോഴും അവരുടെ ശരീരത്തെ നക്കി വൃത്തിയാക്കുന്നവരാണ്. ഇതിലൂടെ അണുക്കൾ അവയുടെ ഉമിനീരിലേക്ക് എത്താനും എളുപ്പമാണ്. ഇവരുടെ നഖങ്ങളിൽ പോലും അണുക്കൾ ഉണ്ടാവാം. പേവിഷബാധയുണ്ടാകുമ്പോൾ ഇവയ്ക്ക് വേഗത്തിൽ ഓടാനും മനുഷ്യരെ മുറിവേൽപ്പിക്കാനുമൊക്കെ സാധിക്കും. അവയുടെ നഖം സൂചി പോലെ മൂർച്ചയുള്ളതാണ്. അതിനാൽ തന്നെ ചെറിയൊരു മാന്തൽ കിട്ടിയാൽ പോലും എളുപ്പത്തിൽ അണുക്കൾ നമ്മുടെ ശരീരത്തിലേക്ക് കയറുന്നു. തെരുവ് നായ്ക്കൾ കടിക്കുന്നതിന് തുല്യമാണ് പൂച്ചകൾ മാന്തുന്നത്. അതിനാൽ തന്നെ പൂച്ചകളും നിസ്സാരക്കാരല്ല. ഇവയോട് ഇടപഴകുമ്പോഴും വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എങ്ങനെ സുരക്ഷിതരായിരിക്കാം?
നായ്ക്കളെ പോലെയല്ല പൂച്ചകൾ. നായ്ക്കളിൽ പേവിഷബാധയുണ്ടാകുമ്പോൾ നമുക്ക് പെട്ടെന്ന് അറിയാൻ സാധിക്കും. എന്നാൽ പൂച്ചകളിൽ രോഗബാധയുണ്ടോ എന്ന് നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. പൂച്ചകൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവർ ഓടിയൊളിക്കുകയാണ് ചെയ്യാറുള്ളത്. അമിതമായ ഉമിനീരൊഴുക്ക്, ആക്രമണ സ്വഭാവം എന്നിവ കണ്ടാൽ അവയ്ക്ക് പേവിഷബാധയുണ്ടെന്ന് മനസിലാക്കാം. ഇത്തരം സാഹചര്യങ്ങളിൽ പൂച്ചകളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. പേവിഷബാധയുടെ കാര്യത്തിൽ നായ്ക്കളും പൂച്ചകളുമെല്ലാം ഒരുപോലെയാണ്. ഇത്തരം രോഗബാധകളിൽ നിന്നും വളർത്ത് മൃഗങ്ങളെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ വർധിച്ചുകൊണ്ടേയിരിക്കും നായ്ക്കളെപോലെ തന്നെ പൂച്ചയ്ക്കും വാക്സിൻ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.