തിരുവനന്തപുരം :- 'കെ സ്റ്റോർ' ആയി മാറിയ റേഷൻ കടകൾക്കു പുറമേ സപ്ലൈകോ വിൽപനശാലകളിലും ഇനി ഒരു ലിറ്റർ കുപ്പിവെള്ളം 10 രൂപയ്ക്കു ലഭിക്കും. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് കോർപറേഷൻ (കിഡ്ക്) നിർമിച്ച് വിപണിയിലിറക്കുന്ന 'ഹില്ലി അക്വാ' കുപ്പിവെള്ളം സപ്ലൈകോ വിൽപനശാലകൾ വഴി വിതരണം ചെയ്യാൻ ഭക്ഷ്യപൊതു വിതരണ വകുപ്പ് അനുമതി നൽകി.
2 വർഷം മുൻപാണ് കിഡ്ക് ഈ ആവശ്യവുമായി സപ്ലൈകോയെ സമീപിച്ചതെങ്കിലും ഈ വർഷം ഏപ്രിലിലാണ് സപ്ലൈകോ മാനേജിങ് ഡയറക്ടർ അനുകൂല ശുപാർശ നൽകിയത്. ഇതിനാണ് ഇപ്പോൾ അനുമതി. കെ സ്റ്റോറുകളായി മാറിയ റേഷൻ കടകളിൽ കുപ്പിവെള്ള വിൽപന നടത്താൻ 2023 നവംബറിൽ അനുമതി നൽകിയിരുന്നു. 1959 കെ സ്റ്റോറുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.