തിരുവനന്തപുരം :- കേരളത്തിലോടുന്ന വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ മികച്ച ഭക്ഷണം ലഭ്യമാക്കാൻ നടപടികളുമായി റെയിൽവെ. കേരളത്തിൽ നിന്നുള്ള ഫ്ലൈറ്റ് കിച്ചൻ സ്ഥാപനങ്ങൾ ഉൾപ്പെടെ 3 യൂണിറ്റുകളെ ഓൺ ബോർഡ് കേറ്ററിങ് പട്ടികയിൽ ഉൾപ്പെടുത്തിയതായി റെയിൽവേ അധികൃതർ കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചു.
കൊച്ചി ആസ്ഥാനമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൃദ്ധി, ഫ്ലൈറ്റ് കിച്ചൻ രംഗത്തു പ്രവർത്തിക്കുന്ന കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (സി എഎഫ്എസ്), തിരുവനന്തപുരത്തെ യുഡിഎസ് എന്നിവയെ ഓൺ ബോർഡ് റെയിൽ കേറ്ററിങ്ങിന് എംപാനൽ ചെയ്തതായി റെയിൽവേ ബോർഡ് ടൂറിസം ആൻഡ് കേറ്ററിങ് എക്സിക്യൂട്ടീ വ് ഡയറക്ടർ വിക്രം സിങ് അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മോശം ഭക്ഷണം വിതരണം ചെയ്ത ബ്രന്ദാവൻ പ്രോഡക്ട്സിനെ ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കണമെന്നും എംപി ആവശ്യ പ്പെട്ടു. പുതിയ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിനു മുന്നോടിയായി റെയിൽവേ ബോർഡിൽ നിന്നുള്ള ഉദ്യോഗസ്ഥർ കേരളത്തിലെത്തി സ്ഥാപനങ്ങൾ പരിശോധിച്ചിരുന്നു.