കൊട്ടിയൂർ :- വൈശാഖോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് ഇന്ന് ജൂൺ 2 തിങ്കളാഴ്ച നടക്കും. കൂവയിലയിൽ ബാവലിതീർഥം കൊണ്ടുപോയി സ്വയംഭൂവും പരിസരവും ശുദ്ധിയാക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്. മണിയൻ ചെട്ടിയാൻ്റെ വിളക്കുതിരി എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തുന്നതോടെ സ്ഥാനികർ ചേർന്ന് തണ്ണീർക്കുടി ചടങ്ങ് നടത്തും.
തുടർന്ന് അടിയന്തിര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയും പടിഞ്ഞീറ്റ നമ്പൂതിരിയുമടങ്ങുന്ന സംഘം ഇക്കരെ ക്ഷേത്രത്തിൽ നിന്ന് മന്ദംചേരിയിലെത്തി കൂവയില പറിച്ചെടുക്കും. ശേഷം കൂവയിലയിൽ ബാവലിതീർഥം ശേഖരിക്കും. അത് പടിഞ്ഞീറ്റ നമ്പൂതിരി സ്വയംഭൂവിൽ അഭിഷേകം ചെയ്യും. ജൂൺ എട്ടിന് നെയ്യാട്ടത്തോടെയാണ് വൈശാഖോത്സവം ആരംഭിക്കുന്നത്.