കോഴിക്കോട് :- കാട്ടാന ശല്യത്തെ തുടര്‍ന്ന് ധൈര്യമായി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ നാട്ടുകാര്‍. തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് താമസിക്കുന്നവരാണ് ഏത് നിമിഷവും കാട്ടാന ആക്രമണത്തെ പ്രതീക്ഷിച്ച് ഭയചകിതരായി കഴിയുന്നത്. മഴക്കെടുതിയോടൊപ്പം കാട്ടാനകള്‍ വരുത്തുന്ന വ്യാപക കൃഷിനാശവും ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുകയാണ്. കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
തിരുവമ്പാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് മേലെ പൊന്നാങ്കയം. പ്രദേശത്തെ കര്‍ഷകരായ മണിക്കൊമ്പില്‍ ജോസുകുട്ടി, പുളിയാനിപ്പുഴയില്‍ മോഹനന്‍, കണ്ണന്താനത്ത് സജി തുടങ്ങിയ നിരവധി പേരുടെ കമുക്, ജാതി, വാഴ, കൊക്കോ തുടങ്ങിയ കൃഷികള്‍ വ്യാപകമായി കാട്ടാനയാക്രമണത്തില്‍ നശിച്ചിരുന്നു. വനാതിര്‍ത്തികളില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ വേലികള്‍ തകര്‍ത്താണ് കാട്ടാന അകത്തേക്ക് കടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഫോറസ്റ്റ് അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. ആനയെ പേടിച്ച് വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. താമരശ്ശേരി റെയ്ഞ്ചിന് കീഴിലുള്ള നായര്‍കൊല്ലി സെക്ഷന്‍ പരിധിയില്‍ വരുന്നതാണ് ഈ പ്രദേശം. മൃഗങ്ങള്‍ നശിപ്പിച്ച വിളകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് കാണിച്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവിടുത്തെ കര്‍ഷകര്‍.