ആശിർ നന്ദയുടെ ആത്മഹത്യ ; സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂൾ വീണ്ടും തുറന്നു, പുതിയ പ്രിൻസിപ്പാൾ ചുമതലയേറ്റു


പാലക്കാട് :- ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർ നന്ദയുടെ ആത്മഹത്യക്ക് പിന്നാലെ താൽക്കാലികമായി അടച്ചിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂൾ തുറന്നു. പുതുതായി തെരഞ്ഞെടുത്ത പിടിഎ ഭാരവാഹിളുടെ സാന്നിധ്യത്തിലായിരുന്നു സ്കൂൾ തുറന്നത്. പുതിയ പ്രിൻസിപ്പാളായി സിസ്റ്റർ പൗലിയും, വൈസ് പ്രിൻസിപ്പാളായി സിസ്റ്റർ ജൂലിയും ചുമതലയേറ്റെടുത്തു. ആശിർനന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് സ്കൂൾ അസംബ്ലിയും ചേർന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14) ആത്മഹത്യ ചെയ്തത്. മാർക്ക് കുറഞ്ഞപ്പോൾ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ മനംനൊന്താണ് ആശിർ നന്ദ ജീവനൊടുക്കിയതെന്ന് കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. ആശിർ നന്ദ ജീവനൊടുക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ആദ്യം മുതലേ ആരോപണം ഉയർന്നിരുന്നു. ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പും ഗുരുതര കണ്ടെത്തലുകൾ നടത്തി, തുടർന്ന് സ്കൂൾ താത്കാലികമായി അടച്ചിടുകയായിരുന്നു.

മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്ന കത്ത് രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധമായി ഒപ്പിട്ട് വാങ്ങിയെന്നും ​ഗുരുതര കണ്ടെത്തലുണ്ട്. അഞ്ച് അധ്യാപകരിൽ നിന്നും നേരിടേണ്ടി വന്ന മാനസിക സമ്മർദത്തെക്കുറിച്ച് ആശിർനന്ദ ആത്മഹത്യക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു.

Previous Post Next Post