മുംബൈ :- മെറ്റ പ്ലാറ്റ്ഫോമിനു കീഴിലുള്ള സാമൂഹികമാധ്യമമായ വാട്സാപ്പിലേക്കും പരസ്യം വരുന്നു. പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തുന്നതിൻ്റെ ഭാഗമായി വാട്സാപ്പിന്റെ അപ്ഡേറ്റ് ടാബിൽ പരസ്യങ്ങൾ നൽകിത്തുടങ്ങി. എന്നാൽ വ്യക്തിഗത ചാറ്റുകളിൽ പരസ്യം അനുവദിക്കില്ല.
വാട്സാപ്പ് മെസേജിങ് സേവനത്തിൽ നിർമിതബുദ്ധി സന്നിവേശി പ്പിക്കുന്നതിനായി ചെലവിട്ട നിക്ഷേപം തിരിച്ചുപിടിക്കാനുള്ള വഴിതേടിയാണ് പുതിയ നീക്കം. ഇതോടൊപ്പം പെയിഡ് സബ്സ്ക്രിപ്ഷനും വരുകയാണ്. ഉപഭോക്താക്കളുടെ ഇൻബോക്സിൽനിന്നും സ്വകാര്യ ആശയവിനിമയങ്ങളിൽ നിന്നും വേറിട്ടുള്ള ആപ്പിലെ പ്രത്യേക ടാബാണ് അപ്ഡേറ്റ്സ്. സ്റ്റാറ്റസുകളും ചാനലുകളും ഉൾപ്പെടുന്ന ഈ ടാബിൽ ദിവസം 150 കോടി പേർ സന്ദർശിക്കുന്നതായാണ് കണക്ക്.
പരസ്യം വരുന്നതിൻ്റെ ഭാഗമായി വാട്സാപ്പ് ചാനലുകൾ ഉള്ളവർക്ക് സബ്സ്റ്റ്രിപ്ഷൻ വിൽക്കാനും അവസരം നൽകും. ഇവയിൽ പരസ്യങ്ങൾ കൊണ്ടുവരുന്നതിനൊപ്പം പെയ്ഡ് ചാനൽ സബ്സ്ക്രിപ്ഷനും അഡ്മിൻമാർക്കും ഓർഗനൈസേഷനുകൾക്കും ബിസിനസിനുമുള്ള ചാനലുകൾക്ക് പ്രചാരണത്തിനായി മുൻഗണന നൽകുന്നതിനും സൗകര്യം കൊണ്ടു വരുന്നുണ്ട്.