ആദ്യ സ്കൂൾ ദിനങ്ങൾ ഒപ്പിയെടുത്ത് കാരിക്കേച്ചറിലൂടെ ചിത്രങ്ങളാക്കി ; കൗതുകമായി കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം


കൊളച്ചേരി :- ആദ്യ സ്കൂൾ ദിനത്തിലെ കുരുന്നുകളുടെ ആഹ്ലാദങ്ങളും പരിഭ്രമങ്ങളും ഒപ്പിയെടുത്ത് പ്രശസ്ത ചിത്രകാരനും കാരിക്കേച്ചറിസ്റ്റും പത്രപ്രവർത്തകനുമായ ഗിരീഷ് മക്രേരി കടലാസിൽ രേഖാചിത്രങ്ങൾ തീർത്തു. കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിലാണ് വേറിട്ട പ്രവേശനോത്സവ അനുഭവമൊരുക്കിയത്. 

ഒന്നാം ക്ലാസ്സിൽ പുതുതായി പ്രവേശനം നേടിയ ഇരുപതോളം കുട്ടികളെ അദ്ദേഹം തൻ്റെ കൈവിരലുകളാൽ പകർത്തി. തങ്ങൾ കടലാസിൽ ജീവൻ തുടിക്കുന്ന പ്രതിരൂപങ്ങളായി മാറുന്നത് കുട്ടികൾ അദ്ഭുതത്തോടെയാണ് നോക്കി നിന്നത്.കേരളത്തിലെ പുതിയ തലമുറയിലെ കുട്ടികൾ ഭാഗ്യമുള്ളവരാണെന്നും ഒരു സമൂഹം ഒന്നടങ്കം അവരുടെ വിദ്യാഭ്യാസകാര്യങ്ങളിൽ എത്രമാത്രം ശ്രദ്ധയുള്ളവരാണെന്ന് നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മികവുകൾ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രവേശനോത്സവം 'തുടക്കം' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗിരീഷ് മക്രേരി. 

സ്കൂളിൽ പുതുതായി നിർമ്മിച്ച പ്ലേ സ്റ്റേഷൻ മാനേജർ കെ.വി.പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ടി.വി. സുമിത്രൻ അധ്യക്ഷത വഹിച്ചു. പി.പി. കുഞ്ഞിരാമൻ സൗജന്യ സ്കൂൾ ബാഗ് വിതരണവും എം.വി.കുഞ്ഞിരാമൻ പാഠപുസ്തകവിതരണവും നിർവഹിച്ചു. നമിതാ പ്രദോഷ് അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. കെ. രാമകൃഷ്ണൻ മാസ്റ്റർ, കെ.വി.ശങ്കരൻ, ടി.സുബ്രഹ്മണ്യൻ, പി.പി. നാരായണൻ,റോഷിന.ടി.പി,രേഷ്മ.വിവി, ഷാഹിന ഒ.പി, കെ.രമ്യ ,അമൽ സി വി തുടങ്ങിയവർ സംസാരിച്ചു. പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ സ്വാഗതവും കെ.ശിഖ നന്ദിയും പറഞ്ഞു. കുട്ടികളെ വാദ്യമേളങ്ങളോടെ സ്വീകരിച്ചു.അക്ഷരദീപം തെളിയിക്കൽ, മധുര വിതരണം തുടങ്ങിയവയും നടന്നു.





Previous Post Next Post