അഗ്നിശമന രക്ഷാപ്രവർത്തന പരിശീലനം സിലബസിൽ ; സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ സിലബസ് തയ്യാറാക്കി അഗ്നിരക്ഷാ വകുപ്പ്


കണ്ണൂർ :- സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി അഗ്നിശമന രക്ഷാപ്രവർത്തന പരിശീലനം പഠിപ്പിക്കുന്നതിനു സിലബസ് തയാറാക്കി അഗ്നിരക്ഷാ വകുപ്പ്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നതു മുതൽ ഗ്യാസ് ടാങ്കറിൽ ചോർച്ചയുണ്ടായാൽ വരെ സ്വീകരിക്കേണ്ട സുരക്ഷാകാര്യങ്ങൾ ഈ അധ്യയനവർഷം സേനാംഗങ്ങൾ സംസ്‌ഥാനത്തെ മുഴുവൻ സ്‌കൂൾ, കോളജ് വിദ്യാർഥികളെയും പഠിപ്പിക്കും. ജീവൻരക്ഷാ പരിശീലനമാണ് ആദ്യം നൽകുന്നത്. കീടങ്ങളുടെ കുത്തോ, നായ, പാമ്പ് തുടങ്ങിയവയുടെ കടിയോ ഏറ്റാൽ എന്തു ചെയ്യണമെന്നതും പരിശീലനത്തിന്റെ ഭാഗമായി പഠിപ്പിക്കും.

വിവിധതരം ഫയർ എക്സ്‌റ്റിങ്ഗ്യൂഷർ സ്കൂളുകളിലെത്തിച്ച് അതിന്റെ ഉപയോഗവും പ്രാധാന്യവും പഠിപ്പിക്കും. ക്ലോറിൻ, അമോണിയ തുടങ്ങിയവയുടെ ചോർച്ച വിദ്യാർഥിയുടെ ശ്രദ്ധയിൽപെട്ടാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ, റോഡ് സുരക്ഷാ നിയമങ്ങൾ, കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ടത്, രക്ഷാപ്രവർത്തനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വൈദ്യുത സുരക്ഷ എന്നിവയും പഠിപ്പിക്കും.

അഗ്നിസുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെ ഉപയോഗിച്ചാണു വിദ്യാർഥികൾക്കായി സിലബസ് തയാറാക്കിയത്. അതത് അഗ്നിരക്ഷാനിലയത്തിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നവരാകും അധ്യാപകരാകുന്നത്. സ്കൂ‌ളുകളും കോളജുകളും ഇതിനായി നീക്കി വ‌യ്ക്കേണ്ട സമയം, സ്കൂളിൽ ഒരുക്കേണ്ട സൗകര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ വകുപ്പ് ഉടൻ ഉത്തരവിറക്കും.

Previous Post Next Post