കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി ; മൂന്നുദിവസമായി പ്രവർത്തിക്കുന്നത് ജനറേറ്ററിൽ


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി. മൂന്നുദിവസമായി ജനറേറ്ററിൻ്റെ സഹായത്തോടെയാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. കെഎസ്ഇബിയുടെ ചാവശ്ശേരി സബ് സ്റ്റേഷനിൽ നിന്ന് ഭൂഗർഭ കേബിൾ വഴിയാണ് വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ലൈനിൽ തകരാർ സംഭവിച്ചതോടെയാണ് വൈദ്യുതി മുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തുന്നുണ്ടെന്നും വെള്ളിയാഴ്ച വൈകീട്ടോടെ പുനഃസ്ഥാപിക്കുമെന്നും കെഎസ്ഇ ബി അധികൃതർ അറിയിച്ചിരുന്നു.

ഭൂഗർഭ കേബിളിൽ എവിടെയാണ് പ്രശ്നമെന്ന് കണ്ടെത്തുന്നതിനുള്ള കാലതാമസമാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നത് വൈകാനിടയാക്കിയത്. ഒടുവിൽ ചാവശ്ശേരി ടൗണിലാണ് കേബിൾ ഷോട്ടായതെന്ന് കണ്ടെത്തി. ഇവിടെ പ്രവൃത്തി നടത്തിവരികയാണ്. വൈദ്യുതി നിലച്ചതോടെ മുഴുവൻ സമയവും ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി ലക്ഷങ്ങളുടെ അധികച്ചെലവാണ് വിമാനത്താവള കമ്പനിയായ കിയാലിന് വരുന്നത്.

Previous Post Next Post