ജൂൺ 25 വരെ 770,76,79,158 രൂപ ദുരിതാശ്വാസനിധിയിൽ എത്തി ; 91,73,80,547 രൂപ പുനരധിവാസത്തിന് ചെലവാക്കി ; ടൗൺഷിപ്പ് സജ്ജമാകുന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം :- വയനാട് ടൗണ്‍ഷിപ്പ് എല്ലാ സൗകര്യങ്ങളോടും കൂടി സജ്ജമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗൺഷിപ്പിന്‍റെ നിർമ്മാണം നടക്കുകയാണ്. പല വെല്ലുവിളികളും നേരിട്ടാണ് അതിനാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്തത്. അവിടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് മാതൃകാ ടൗൺഷിപ്പ് സജ്ജമാവുന്നത്. ടൗൺഷിപ്പ് പദ്ധതിയിൽ 410 റെസിഡൻഷ്യൽ യൂണിറ്റുകൾ, പൊതു കെട്ടിടങ്ങൾ, റോഡുകൾ, ജലവിതരണം, മലിനജല സംവിധാനങ്ങൾ, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിംഗ്, സൈറ്റ് വികസനം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

 2025 മെയ് 29 ന് പ്രീപ്രോജക്റ്റ് ചെലവായി കണക്കാക്കിയിട്ടുള്ള 40,03,778 രൂപ കരാർ കമ്പനിയായ ഉരാളുങ്കൽ ലേബർ കോൺട്രാക് സൊസൈറ്റിക്ക് അനുവദിക്കാൻ ഉത്തരവായി. 2025 ജൂൺ 19, 20 തിയതികളിലായ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് ആവശ്യപ്പെട്ട 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. ആകെ 16,05,00,000 രൂപയാണ് വിതരണം ചെയ്തത്. 


പുനരധിവാസ പട്ടികയിൽ ആകെയുള്ള 402 ഗുണഭോക്താക്കളിൽ നിന്ന് 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപ മതി എന്നറിയിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉരുൾപൊട്ടൽ പുനരധിവാസം സംബന്ധിച്ച് 2025 ജൂൺ 25 വരെ ആകെ 770,76,79,158 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ നിന്നും ആകെ 91,73,80,547 രൂപ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Previous Post Next Post