ന്യൂഡൽഹി :- ഓപ്പറേഷൻ സിന്ദൂറിനുശേഷം പ്രതിരോധരംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ. പ്രതിരോധ ആവശ്യങ്ങൾക്കായുള്ള 52 ഉപഗ്രങ്ങളുടെ വിക്ഷേപണം വേഗത്തിലാക്കാൻ രാജ്യം നടപടി സ്വീകരിച്ചതായാണ് വിവരം. ഈ ഉപഗ്രഹങ്ങളുടെ വിക്ഷേപണം 2029-ഓടെ പൂർത്തിയാക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതോടെ പാകിസ്താൻ, ചൈന അടക്കമുള്ള രാജ്യങ്ങളെ നിരീക്ഷിക്കാൻ ഇന്ത്യയ്ക്കാകും.
26,968 കോടിരൂപയുടെ സ്പെയ്‌സ് ബേസ്‌ഡ് സർവെയ്‌ൻസ് (എസ്ബിഎസ്) പദ്ധതിയുടെ മൂന്നാംഘട്ടത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യ മന്ത്രിസഭാ സമിതി കഴിഞ്ഞ ഒക്ടോബറിൽ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമാണ് 52 പ്രതിരോധ ഉപഗ്രഹങ്ങൾ. ഇതിൽ 21 എണ്ണം ഐഎസ്ആർഒ നിർമിച്ച് വിക്ഷേപിക്കും. 31 എണ്ണം മൂന്ന് സ്വകാര്യ കമ്പനികൾ നിർമിക്കും. ആദ്യം ഉപഗ്രഹം അടുത്തവർഷം ഏപ്രിലിൽ വിക്ഷേപിക്കും. ചൈനയുടെയും പാകിസ്താന്റെയും ഭൂരിഭാഗവും ഇന്ത്യൻ സമുദ്രമേഖലയും നിരീക്ഷിക്കാനും മികച്ച ദൃശ്യങ്ങൾ പകർത്താനും ഈ ഉപഗ്രഹങ്ങൾക്കാകും.
ഉപഗ്രഹങ്ങൾക്കുപുറമേ മൂന്ന് ഹാപ്‌സ് വിമാനങ്ങൾ (ഹൈ ഓൾട്ടിറ്റ്യൂഡ് പ്ലാറ്റ്ഫോം സിസ്റ്റം) സ്വന്തമാക്കാനുള്ള ശ്രമങ്ങളും വ്യോമസേന നടത്തുന്നുണ്ട്. ആളില്ലാ വിമാനമായ ഇവയ്ക്ക് അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിൽനിന്ന് നിരീക്ഷണം നടത്താനാകും. ബഹിരാകാശ പ്രതിരോധ സംവിധാനങ്ങളെ തകർക്കാനുള്ള സാങ്കേതികവിദ്യകളിൽ ചൈന നിക്ഷേപം നടത്തുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിനിടെ, ഭൂഗർഭ കേന്ദ്രങ്ങളിൽ തുളച്ചുകയറാൻ കഴിയുന്ന, അഗ്നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിക്കുന്നുണ്ട്. മിസൈലിന് മണിക്കൂറിൽ 9,261 കിലോമീറ്ററാണ് വേഗം. 2030-ൽ മിസൈൽ പരീക്ഷണം നടന്നേക്കുമെന്നാണ് വിവരം.