5 ആഴ്ചകൾക്ക് ശേഷം മടക്കം ; കേരളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ പറന്നു


തിരുവനന്തപുരം :- കേരളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ എഫ്-35ബി എന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ പറന്നു. അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് നേവിയുടെ വിമാന വാഹിനി കപ്പൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരികെ പറന്നത്. യുകെയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി അറ്റകുറ്റപ്പണികൾ ചെയ്ത ശേഷമാണ് മടക്കം. ഇന്നലെയാണ് തിരികെ പറക്കാനുള്ള അനുമതി എഫ്-35ബിക്ക് ലഭിച്ചത്.

ജൂൺ 14 ന് യുകെയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം കേരളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നത്. കുറഞ്ഞ ഇന്ധന നിലയും പ്രതികൂല കാലാവസ്ഥയും നേരിട്ട പൈലറ്റ് അടുത്തുള്ള വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ വ്യോമസേന ഉടൻ എത്തി തിരുവനന്തപുരത്ത് ലാൻഡിംഗ് സൗകര്യമൊരുക്കി.

വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവർ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടർന്ന് വിമാനത്താവളത്തിലെ ഹാങ്ങറിൽനിന്നു പുറത്തിറക്കി എൻജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി. പറത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്ന സംശയം ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞ ആഴ്ചയോടെ പൂർത്തിയാക്കുകയായിരുന്നു.

Previous Post Next Post