കണ്ണൂർ :- ജില്ലയിൽ ആദ്യമായി കേരള ചിക്കൻ ഔട്ട്ലെറ്റുകൾ വരുന്നു. മട്ടന്നൂർ നെല്ലുന്നിയിലും കുറ്റ്യാട്ടൂരുമാണ് ഔറ്റ്ലെറ്റുകൾ ആരംഭിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതി ലഭിച്ചാൽ ഒരു മാസം കൊണ്ട് ഔറ്റ്ലെറ്റുകൾ തുറക്കാനാകും. പൊതുമാർക്കറ്റിനേക്കാൾ 10 ശതമാനം വില കുറച്ച് ഔറ്റ്ലെറ്റുകളിൽനിന്നു കേരള ചിക്കൻ ലഭിക്കും. കിലോയ്ക്ക് 17 രൂപ നടത്തിപ്പുകാർക്ക് ലഭിക്കും. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 140 ഔലെറ്റുകളുണ്ട്. ഇവിടങ്ങളിലൂടെ 50 ടൺ കേരള ചിക്കൻ വിൽപന നടത്തുന്നുണ്ട്.
കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയിൽ ജില്ലയിലെ കഴിഞ്ഞ ഒരു വർഷത്തെ വിറ്റുവരവ് 16.86 ലക്ഷം രൂപയാണ്. 1,37,671 കോഴികളെയാണ് കർഷകർക്കു വളർത്താൻ നൽകിയിരുന്നത്. കോഴിക്കോട്, എറണാകുളം ജില്ലകളിലേക്കാണ് കോഴികളെ തിരികെ നൽകിയത്. പടിയൂർ, മട്ടന്നൂർ, ചാവശ്ശേരി, പാപ്പിനിശ്ശേരി, എരമം, കുറ്റൂർ, ആലക്കോട്, കണിച്ചാർ എന്നിവിടങ്ങളിലായി 15 കോഴി ഫാമുകളാണുണ്ട്. കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കേരള സ്‌റ്റേറ്റ് പൗൾട്രി ഡവലപ്‌മെന്റ് കോർപറേഷൻ (കെപ്കോ) എന്നിവയുടെ സഹകരണത്തോടെയാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നത്. ഉൽപാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ‌് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന കമ്പനിയാണ്.