തിരുവനന്തപുരം :- സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി ഭക്ഷണം തയാറാക്കാൻ തൊഴിലാളികൾക്ക് പരിശീലനം നൽകുന്നു. എല്ലാ അധ്യയന വർഷാരംഭത്തിലും പാചക തൊഴിലാളികൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് മുഖാന്തരം പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലനം നൽകിവരുന്നുണ്ട്. ഇത്തവണയും ഇത്തരത്തിൽ ആറ് ജില്ലകളിൽ പരിശീലനം നടന്നിരുന്നു. കൂടുതൽ മികച്ച രീതിയിൽ പരിശീലനം സംഘടിപ്പിക്കുന്നതിന് ഇത്തവണ കെ.ടി.ഡി.സിയുടെ സഹകരണത്തോടെ എട്ട് ജില്ലകളിൽ 30 മാസ്റ്റർ ട്രെയിനർമാർക്ക് വീതം പരിശീലനം നൽകാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. തുടർന്ന് ഈ മാസ്റ്റർ ട്രെയിനർമാർ മറ്റു തൊഴിലാളികൾക്ക് പരിശീലനം നൽകും.
സമ്പുഷ്ഠീകരിച്ച അരിയും ചെറുധാന്യവും ഉപയോഗിച്ച് വിവിധയിനം വിഭവങ്ങൾ തയാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് തൊഴിലാളികൾക്ക് നൽകുക. കൂടാതെ പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് രുചികരമായ കറികൾ തയാറാക്കുന്നതും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭം സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി കൂടുതൽ കാര്യക്ഷമവും പോഷകസമൃദ്ധവുമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കെ.ടി.ഡി.സിയുടെ സഹകരണത്തോടെ പി.എം പോഷൺ പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സ്കൂൾ പാചക തൊഴിലാളി മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പാചകതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഈ വർഷം മുതൽ ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ സുരക്ഷാ പരിശീലനം കൂടി ഈ പരിപാടിയിൽ ഉൾപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.