കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ 'അമ്പിളി അമ്മായിക്കൊപ്പം' ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ഇത്തവണത്തെ പുതുമ പരിപാടിയുടെ പേര് തന്നെയാണ്. എപ്പോഴും അമ്പിളി അമ്മാവൻ എന്ന് വിളിക്കുന്നതിന് പകരം എന്ത് കൊണ്ട് അത് അമ്മായി ആയിക്കൂടാ എന്ന ചിന്തയിലാണ് കുട്ടികൾ പരിപാടിക്ക് "അമ്പിളി അമ്മായിക്കൊപ്പം" എന്ന പേര് നിർദ്ദേശിച്ചത്. വിവിധ പരിപാടികളോടെയാണ് ചാന്ദ്രദിനം ആഘോഷിച്ചത്. സയൻസ് ക്ലബ് ഉദ്ഘാടനവും മൾട്ടി മീഡിയ ക്ലാസും സി.കെ സുരേഷ് ബാബു മാസ്റ്റർ നിർവഹിച്ചു.
ചന്ദ്രനെയും അതിൽ ഇറങ്ങിയ മനുഷ്യരെയും അതിനായുള്ളസംവിധാനങ്ങളും ദൗത്യങ്ങളും മറ്റു പിന്നാമ്പുറ കാര്യങ്ങളും ഉൾക്കൊള്ളുന്ന സുരേഷ് ബാബു മാഷിന്റെ മൾട്ടി മീഡിയ ക്ലാസ്സ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായി. ചാന്ദ്രയാത്രയും ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യങ്ങളും ശുഭാംശു ശുക്ലയുടെ യാത്ര കുട്ടികൾക്ക് കൗതുകവും വിസ്മയവുമേകി.ശാസ്ത്രത്തിൻ്റെ മഹത്തായ നേട്ടത്തെ ചാന്ദ്രദിനമായി നാം ആചരിക്കുമ്പോൾ അത് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടം കൂടിയാണെന്ന് മാഷ് കൂട്ടിച്ചേർത്തു. സി.വി അമൽ മാസ്റ്റർ അധ്യക്ഷനായി. സയൻസ് ക്ലബ് സെക്രട്ടറി റോഷ്നാഥ് സ്വാഗതവും സ്കൂൾ ലീഡർ ധ്രുപദ് അനൂപ് നന്ദിയും പറഞ്ഞു.