തെരുവുനായ ആക്രമണം സംസ്ഥാനദുരന്തത്തിൽ ഉൾപ്പെടുത്തിക്കൂടേയെന്ന് ഹൈക്കോടതി ; ഫണ്ടില്ലെന്ന പ്രശ്ന‌ത്തിനു പരിഹാരമാകില്ലേയെന്നും കോടതി സർക്കാരിനോട്


കൊച്ചി :- തെരുവുനായ ആക്രമണം സംസ്‌ഥാനദുരന്തത്തിന്റെ പരിധിയിലാക്കിയാൽ, ഫണ്ടില്ലെന്ന പ്രശ്ന‌ത്തിനു പരിഹാരമാകില്ലേയെന്നു സർക്കാരിനോടു ഹൈക്കോടതി ചോദിച്ചു. അങ്ങനെവന്നാൽ നായയുടെ കടിയേൽക്കുന്നവർക്കു ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകാമല്ലോയെന്നും പറഞ്ഞു. തെരുവുനായശല്യവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണു ജസ്റ്റിസ് സി.എസ് ഡയസിന്റെ ചോദ്യം. വിഷയം സംസ്ഥാനദുരന്തത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതു പരിഗണനയിലുണ്ടെന്ന് മറ്റൊരു കേസിൽ സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണിത്.

നിയമവിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി കീർത്തന സരിൻ നൽകിയ ഹർജിയും പരിഗണിച്ചു. മേയ് 31ന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നെടുമങ്ങാട് നഗരസഭയിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിച്ചത്. സത്യവാങ്മൂലം നൽകാൻ സർക്കാർ സമയം തേടിയതിനാൽ കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി.

തെരുവുനായ്ക്കളുടെ ആക്രമണമേൽക്കുന്നവരുടെ നഷ്ട പരിഹാര ക്ലെയിമുകൾ പരിഗണിക്കാൻ കമ്മിറ്റിയെ നിയമിക്കുന്നതിൽ സർക്കാരിന്റെ തീരുമാനം എന്തായെന്നു കോടതി ചോദിച്ചു. 9000 അപേക്ഷകൾ പരിഗണിക്കാനുണ്ട്. തീരുമാനം വൈകിയാൽ കോടതി ആരെയെങ്കിലും നിയമിക്കും. അല്ലെങ്കിൽ സർക്കാർ തീരുമാനം വരുന്നതുവരെ മുൻപു പ്രവർത്തിച്ച ജസ്റ്റിസ് എസ്.സിരിജഗൻ കമ്മിറ്റിയോടു തുടരാൻ നിർദേശിക്കുമെന്നും കോടതി പറഞ്ഞു.

Previous Post Next Post