ചക്ക ഫെസ്റ്റിന് കണ്ണൂരില്‍ തുടക്കമായി

 



കണ്ണൂർ:-കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെയും കണ്ണൂര്‍ കോര്‍പറേഷന്‍ കുടുംബശ്രീ സി ഡി എസിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ചക്ക ഫെസ്റ്റിനും കുടുംബശ്രീ സംരംഭകരുടെ ഉത്പന്ന വിപണന മേളയ്ക്കും തുടക്കമായി. കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ മേള ഉദ്ഘാടനം ചെയ്തു.

40 രൂപക്ക് ലഭിക്കുന്ന ചക്ക ബിരിയാണിയും ചക്ക ന്യൂട്രിമിക്‌സ് ഉത്പന്നങ്ങളുമാണ് മേളയിലെ പ്രധാന ആകര്‍ഷണം. ചക്കപ്പായസം, ചക്ക മിട്ടായി, ചക്ക സ്‌ക്വാഷ്, ചക്ക ഉണ്ണിയപ്പം, ചക്ക ഹല്‍വ തുടങ്ങി ഇരുപത്തഞ്ചോളം ചക്ക ഉത്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. 

പതിനഞ്ചു കുടുംബശ്രീ സംരംഭകര്‍ ആണ് മേളയില്‍ സ്റ്റാള്‍ നടത്തുന്നത്. ജൂലൈ 12 ന് മേള സമാപിക്കും. വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ സിഡിഎസുകളിലും ചക്ക ഫെസ്റ്റും ഭക്ഷ്യ വിപണന മേളയും നടക്കും.

കുടുംബശ്രീ കണ്ണൂര്‍ കോര്‍പറേഷന്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി ജ്യോതിലക്ഷ്മി, എം ഇ സി ശ്രീജ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം ശ്രുതി, മെമ്പര്‍ സെക്രട്ടറി അഫ്‌സില എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post