കണ്ണൂര്‍:- ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി രശ്മി ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് അസോസിയേറ്റ് പ്രൊഫസർ പി.ജി അനിൽ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. കണ്ണൂർ ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസ് മെയിൻ കോൺഫറൻസ് ഹാളില്‍ നടത്തിയ ശില്പശാലയില്‍ 130 ഓളം പ്രവാസികള്‍ പങ്കെടുത്തു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങളും ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും സംരംഭങ്ങള്‍ വിജയിപ്പിക്കുന്നതിനും ആരംഭിക്കുന്നതിനുമുളള സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭ്യമാക്കുന്നതായിരുന്നു ശില്പശാല.
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയർക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. താല്‍പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.