സംസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഇന്നലെ മാത്രം ജീവൻ നഷ്ടമായത് മൂന്നുപേർക്ക് ; ജാഗ്രത വേണം


തിരുവനന്തപുരം :- സംസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഇന്നലെ മൂന്ന് മരണം ആണ് ഉണ്ടായത്. പാലക്കാട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് വൈദ്യുതി കമ്പി മൂന്നുപേരുടെ ജീവനെടുത്തത്. പാലക്കാട് ഓലശ്ശേരി സ്വദേശി സ്വദേശി മാരിമുത്തുവാണ് മഴയത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. തെങ്ങും തോട്ടത്തിലെ മോട്ടോർ പുരയിലേക്ക് നൽകിയ വൈദ്യുതിയുടെ ലൈനാണ് പൊട്ടിവീണത്. 

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിന് മുന്നില്‍ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ സ്വദേശി ലീലാമണിയാണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്.

മലപ്പുറം വേങ്ങരയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഇന്നലെ പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനന്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂദ് ആണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതം ഏറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുന്നത് കണ്ടാൽ ഒരു കാരണവശാലും അടുത്ത് പോകരുത്. വൈദ്യുതി കമ്പിയിൽ എല്ലായ്പ്പോഴും ജാഗ്രത പുലർത്തുക. 

വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റാൻ KSEBയുമായി സഹകരിക്കുക. ഇത്തരം മരങ്ങളും ചില്ലകളും ലൈനിൽ തട്ടും മുൻപുതന്നെ ഉടമകൾ സ്വമേധയാ നീക്കി കൊടുക്കുക. ലൈനിൽ തൊട്ടുകിടക്കുന്ന മരങ്ങളിൽ മഴ സമയത്ത് സ്പർശിക്കരുത്.

വീടുകളിൽ മഴക്കാലത്തിനു മുൻപുതന്നെ വൈദ്യുതോപകരണങ്ങളും വയറിങ്ങും മറ്റും ഒരു വിദഗ്ധനെകൊണ്ട് പരിശോധിപ്പിക്കുക. വയറിങ് സുരക്ഷിതം എന്ന് ഉറപ്പാക്കുക

Previous Post Next Post