കണ്ണൂർ :- സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ പോലീസിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച മിന്നൽ പരിശോധന നടത്തി. കാറ്ററിങ് സ്റ്റാളുകളും ഐആർസിടിസി ഭക്ഷണശാലകളുമാണ് പരിശോധിച്ചത്. വന്ദേഭാരത് എക്സ്പ്രസിൽ നൽകിയ ഭക്ഷണം സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്.
റെയിൽവേ പോലീസ് സൂപ്രണ്ട് ഡോ.അരുൾ ആർബി കൃഷ്ണയുടെ നിർദേശത്തിൽ, ആർപിഎഫ്, റെയിൽവേ ഇന്റലിജൻസ് വിഭാഗം, റെയിൽവേ ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ വ്യാഴാഴ്ച പരിശോധന നടത്തിയത്. പാചകശാലകളിലെ ശുചിത്വം, ശുദ്ധജലവിതരണം, പാക്കേജിങ്ങിൻ്റെ സുരക്ഷിതത്വം എന്നിവ പരിശോധിച്ചു. നിരീക്ഷണം ശക്തമാക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവൈഎസ്പി എം.ശശിധരൻ പറഞ്ഞു. കണ്ണൂരിലെയും തലശ്ശേരിയിലെയും പരിശോധനയ്ക്ക് എസ്ഐ കെ.സുനിൽകുമാർ നേതൃത്വം നൽകി.