തിരുവനന്തപുരം :- പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാർഡ് വിഭജനത്തിനു ശേഷമുള്ള വോട്ടർമാരുടെ പ്രാഥമിക പട്ടിക ഈയാഴ്ച ഇറങ്ങും. സം സ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണു പട്ടിക പുറത്തിറക്കുക. പുതിയ വാർഡുകളെ അടിസ്ഥാനമാക്കി ക്രമീകരിച്ച പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ തദ്ദേശസ്ഥാപന സെക്രട്ടറിമാർ കലക്ടർമാർക്കു കൈമാറിയിട്ടുണ്ട്. ഇതു കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു ലഭിക്കുകയും അംഗീകരിക്കുകയും ചെയ്തു.
വാർഡ് വിഭജനത്തിനു ശേഷം നിലവിലുള്ള വോട്ടർമാരുടെ പട്ടിക പുതിയ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിൽ ക്രമീകരിച്ചു തയാറാക്കുന്ന നടപടികൾ ഈമാസം 9ന് അകം പൂർത്തിയാക്കാനാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പട്ടിക പരിശോധിച്ച് കരട് പട്ടിക പുറത്തിറക്കും. പിന്നീട് അന്തിമപട്ടികയും പ്രസിദ്ധീകരിക്കും.