ഉദുമ :- കത്തുകൾ രജിസ്റ്റേഡായി അയക്കുന്ന രീതി തപാൽവകുപ്പ് അവസാനിപ്പിക്കുന്നു. പകരം സ്പീഡ് പോസ്റ്റ് സംവിധാനത്തിലേക്ക് മാറും. സെപ്റ്റംബർ ഒന്നു മുതൽ പുതിയ രീതി നടപ്പാക്കാനാണ് നിർദേശം. സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാകും ഇനി ഉണ്ടാകുക. ഇന്ത്യയിലെവിടെയും 50 ഗ്രാംവരെ തൂക്കമുള്ള ഉരുപ്പടി സ്പീഡ് പോസ്റ്റായി അയക്കാൻ 18 ശതമാനം ജിഎസ്ടി അടക്കം 41 രൂപയാണ് തപാൽവകുപ്പ് ഇടാക്കുന്നത്. ഇതിൽ പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) കൂടി ഉൾപ്പെടുത്തിയാൽ 10 രൂപയും ജിഎസിടിയും അധികം നൽകണം.
പ്രൂഫ് ഓഫ് ഡെലിവറി ഉൾപ്പെടുത്തിയ 20 ഗ്രാം വരെ ഉള്ള രജിസ്റ്റേഡ് കത്തുകൾ അയക്കുന്നതിന് 38 രൂപ ചെലവുണ്ട്. നേരത്തെ 25 രൂപയായിരുന്നു. തപാൽ വകുപ്പ് സ്വന്തമായി വികസിപ്പിച്ച ഐടി 2.0 സോഫ്റ്റ്വേർ വന്നതോടെയാണ് ചരക്ക് സേവന നികുതി നിർബന്ധമാക്കിയത്. ഏതെങ്കിലും ഒരു പോസ്റ്റ് ഓഫീസ് പരിധിയിൽ താമസിക്കുന്ന ആൾക്ക് അതേ പോസ്റ്റ് ഓഫീസിൽ തന്നെ സ്പീഡ് പോസ്റ്റ് ബുക്ക് ചെയ്യാൻ ജിഎസ്‌ടി അടക്കം നിലവിൽ 17 രൂപയാണ് ഈടാക്കുന്നത്.
തപാൽവകുപ്പ് വളരെ മുൻപുതന്നെ കത്തുകൾ രജിസ്റ്റേഡ് ചെയ്ത് അയക്കുന്ന രീതി തുടങ്ങിയിരുന്നു. വിലാസക്കാരനോ അദ്ദേഹം രേഖാ മൂലം ചുമതലപ്പെടുത്തുന്ന ആളിനോ മാത്രമാണ് രജിസ്റ്റേഡ് കത്തുകൾ കൈമാറുക. ഭാരവും ദൂരവും അനുസരിച്ചാണ് സ്പീഡ് പോസ്റ്റിന്റെ നിരക്ക്. രജിസ്റ്റേഡ് കത്തുകൾ ഒരുസ്ഥ ലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് തിരിച്ചുവിടുമ്പോൾ (റീ-ഡയറക്ട്) ചെയ്യുമ്പോൾ പുതിയ സോഫ്റ്റ്വേറിൽ ആറ് രൂപ ഈടാക്കിയിരുന്നു.