തൃശൂർ :- മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേരിനും ഇനിഷ്യലിനും സമാനമായി ഒരു കുട്ടി വി.എസ്സുണ്ട് എറണാകുളം വരാപ്പുഴയിൽ. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ ചലച്ചിത്ര സംവിധായകൻ അമ്പിളിയുടെ ചെറുമകനായ മൂന്നര വയസുകാരൻ വി.എസ് അച്യുതനാണ് ആ ജൂനിയർ വി.എസ്. വി.എസ് ജനിച്ച ഒക്ടോബർ 20 ന് തന്നെയാണ് അച്യുതന്റെയും ജന്മദിനം.
കുഞ്ഞിനെന്തു പേരിടും എന്ന ചർച്ചകളിൽ അമ്പിളിയുടെ മകൾ അയിഷ മരിയ അമ്പിളി മുന്നോട്ടു വച്ച ഒരേയൊരു നിബന്ധന പേര് മലയാളിത്തം നിറഞ്ഞതായിരിക്കണം എന്നതുമാത്രമായിരുന്നു. ഒടുവിൽ അച്യുതൻ എന്നിടാമെന്ന് എല്ലാവരും തീരുമാനിച്ചു. എറണാകുളം വരാപ്പുഴ വേലംപറമ്പിൽ ശ്യാംകുമാറാണ് കുട്ടിയുടെ പിതാവ്. ശ്യാംകുമാറിന്റെ അച്ഛനാണ് അച്യുതൻ എന്ന പേര് നിര്‍ദേശിച്ചത്. തെരഞ്ഞെടുത്ത അച്യുതൻ എന്ന പേരിനൊപ്പം ശ്യാംകുമാർ എന്ന പേരിന്റെ ആദ്യാക്ഷരമായ എസ്സും വീട്ടുപേരായ വേലംപറമ്പിലും കൂടി ചേർത്തപ്പോൾ അച്യുതന്റെ ഇനീഷ്യലടക്കമുള്ള പേര് വി.എസ് അച്ചുതനായി.
അച്യുതന്റെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ദിവസം പത്രത്തിൽ വന്ന ഒരു വാര്‍ത്തയാണ് വീട്ടുകാരെ ഞെട്ടിച്ചത്. വിഎസ് അച്യുതാനന്ദന്റെ പേരും കുഞ്ഞിന്റെ പേരും തമ്മിലുള്ള സാമ്യത്തിൽ യാദൃശ്ചിക ബന്ധമാത്രമായിരുന്നില്ലെന്ന് അപ്പോഴാണ് മനസിലായത്. വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാള്‍ വാര്‍ത്തയായിരുന്നു പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഒക്ടോബര്‍ 20നാണ് വിഎസിന്റെ ജനനം. 98 വര്‍ഷങ്ങള്‍ക്കിപ്പുറം ഒക്ടോബര്‍ 20നാണ് കുഞ്ഞു വിഎസും ജനിച്ചത്.