മയ്യിൽ :- കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്‌റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച ലൈബ്രേറിയനുള്ള ഐ വി ദാസ് പുരസ്‌കാരം നാളെ ജൂലൈ 13 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ നടക്കുന്ന ചടങ്ങിൽ ലൈബ്രേറിയൻ അജിതയ്ക്ക് സമ്മാനിക്കും. നൂതനാശയങ്ങൾ നടപ്പാക്കുന്ന സംസ്ഥാനത്തെ മികച്ച ലൈബ്രേറിയന് ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. പതിനായിരം രൂപയും പ്രശസ്‌തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
മുൻ എംപി കെ.കെ രാഗേഷ് പുരസ്‌കാരം സമ്മാനിക്കും. പി.കെ വിജയൻ ഐ വി ദാസ് അനുസ്‌മരണം നടത്തും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ബിജു അധ്യക്ഷനാവും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ കെ അജിത് കുമാർ, മയ്യിൽ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം.ഭരതൻ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് കൂടാളി, ട്രഷറർ ഡി ബിന്ദു, ലൈബ്രേറിയൻസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് യു.കെ ശിവകുമാരി തുടങ്ങിയവർ പങ്കെടുക്കും. അസോസിയേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.