ദില്ലി :- അടിയന്തിര വൈദ്യ സാഹചര്യങ്ങളിൽ രക്തം ഡ്രോണുകള്‍ വഴി സുരക്ഷിതമായി എത്തിക്കാമെന്ന് ഐസിഎംആര്‍ പഠനം. ഇന്ത്യ പോലെ വളരെ വൈവിധ്യമാര്‍ന്ന ഭൂഘടനയുള്ള പ്രദേശത്തെവിടെയും അവശ്യഘട്ടങ്ങളില്‍ രക്തവും മരുന്നും ഉള്‍പ്പടെയുള്ള വൈദ്യ സഹായം വേഗതയില്‍ സുരക്ഷിതമായി എത്തിക്കാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യക്കാകും എന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തില്‍ പറയുന്നത്.
ഭാവിയിൽ രക്തവും അടിയന്തര മരുന്നുകളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും മെഡിക്കൽ സപ്ലൈകളും എത്തിക്കുന്നതിനുള്ള ഒരു ഓപ്ഷനായി ഡ്രോണുകൾ മാറിയേക്കാം എന്ന് സ്പ്രിംഗർ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ദില്ലിയിലെയും എൻസിആറിലെയും മൂന്ന് സ്ഥാപനങ്ങളായ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ്, ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്- ഗ്രേറ്റർ നോയിഡ, ജെയ്പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുമായി സഹകരിച്ചാണ് ഐസിഎംആര്‍ പഠനം നടത്തിയത്. "Adopting drone technology for blood delivery: a feasibility study to evaluate its efficiency and sustainability"- എന്നാണ് ഈ പഠനത്തിന്‍റെ പേര്.
ഡ്രോണും ഒരു സാധാരണ വാനും ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്. ദില്ലി-എൻസിആർ മേഖലയിൽ നടത്തിയ ഈ പഠനത്തിൽ, ഡ്രോൺ വെറും എട്ട് മിനിറ്റിനുള്ളിൽ ഏകദേശം 36 കിലോമീറ്റർ ദൂരം പിന്നിട്ടെന്ന് ഐസിഎംആറിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. സുമിത് അഗർവാൾ പറഞ്ഞു. അതേസമയം, ഒരു വാനിന് അതേദൂരം സഞ്ചരിക്കാൻ 55 മിനിറ്റ് സമയം വേണ്ടിവന്നു. മണിക്കൂറിൽ 70–75 കിലോമീറ്ററായിരുന്നു ഡ്രോണിന്‍റെ ശരാശരി വേഗത. അതേസമയം വാനിന്‍റെ വേഗത റോഡിലെ തിരക്കിനെ ആശ്രയിച്ചിരിക്കുന്നു. പഠനത്തിൽ ആകെ 60 രക്ത ബാഗുകൾ ഉപയോഗിച്ചു. അതിൽ രക്തം, പായ്ക്ക് ചെയ്ത ചുവന്ന രക്താണുക്കൾ, ശീതീകരിച്ച പ്ലാസ്മ, പ്ലേറ്റ്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
ഈ സാമ്പിളുകൾ ഡ്രോണുകളിലും വാനുകളിലും ഒരേസമയം അയച്ചു. തുടർന്ന് അവയുടെ ബയോകെമിക്കൽ പാരാമീറ്ററുകൾ താരതമ്യം ചെയ്തു. രണ്ട് രീതികളിലൂടെയും കൊണ്ടുവന്ന രക്തത്തിൽ താപനില, ഹീമോഗ്ലോബിൻ, ഹെമറ്റോക്രിറ്റ്, ഫാക്ടർ-8, ഫൈബ്രിനോജൻ, എൽഡിഎച്ച്, പൊട്ടാസ്യം, ക്ലോറിൻ തുടങ്ങിയ പാരാമീറ്ററുകളിൽ കാര്യമായ വ്യത്യാസമില്ലെന്ന് ഫലങ്ങൾ കാണിച്ചു.
രക്തം മാത്രമല്ല, ഭാവിയിൽ മരുന്നുകൾ എത്തിക്കാനുള്ള ഒരു മാർഗം കൂടിയാണ് ഡ്രോണുകള്‍ എന്ന് ഗവേഷകർ പറയുന്നു. ഭാവിയിൽ വാക്സിനുകൾ, അടിയന്തര മരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവയുടെ വിതരണത്തിൽ പോലും ഈ സാങ്കേതികവിദ്യ ഉപയോഗപ്രദമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും ആരോഗ്യ സംരക്ഷണം ഉറപ്പിക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ക്കാകും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.