കണ്ണൂർ :- മീൻ വില താഴോട്ട്. ട്രോളിങ് നിരോധനത്തെ തുടർന്ന് കുത്തനെ ഉയർന്ന മീൻവിലയാണ് ഇപ്പോൾ കുറയുന്നത്. ഒരു കിലോയ്ക്ക് 1300 രൂപ വരെയുണ്ടായിരുന്ന അയക്കൂറയ്ക്ക് ചൊവ്വാഴ്‌ച തലശേരി മാർക്കറ്റിലെ വില 500, 600 രൂപയാണ്. തദ്ദേശീയമായി മീൻ ലഭ്യത കൂടിയതാണ് വില കുറയാനുള്ള കാരണം. മറ്റു മീനുകൾക്കും വില കുറഞ്ഞിട്ടുണ്ട്. അയലയ്ക്കും മത്തിക്കും 100 നും 120നും ഇടയിലാണ് വില.
ആവോലിയാണെങ്കിൽ ഇപ്പോൾ ചെറുതാണ് വിപണിയിലുള്ളത്. അതിനും കിലോയ്ക്ക് 200 മുതൽ 240 വരെയുണ്ട്. ചെമ്മീനും വലുപ്പത്തിനനുസരിച്ച് 200 ഉം 500 ഉം ഒക്കെയാണ് വില. ജില്ലയിൽ മീൻ വിലയ്ക്ക് പ്രാദേശികമായ ചില ഏറ്റക്കുറച്ചിലുണ്ടായിട്ടുണ്ട്. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. ഇക്കാലത്ത് മീനിനും ഉണക്കമീനിനും വലിയ വിലയായിരുന്നു. നിരോധനം പിൻവലിച്ചതോടെ മീനിന് വില കുഞ്ഞെങ്കിലും ഓണം വരുന്നതോടെ വീണ്ടും കൂടാനും സാധ്യതയുണ്ട്.