തിരുവനന്തപുരം :- മനുഷ്യ-വന്യജീവി സംഘർഷംമൂലം 15 വർഷത്തിനിടെ സംസ്ഥാനത്ത് പൊലിഞ്ഞത് 1508 ജീവൻ. വനംവകുപ്പി ൻ്റെ രേഖയനുസരിച്ചാണിത്. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം മൂലമുള്ള മരണത്തിൽ പാമ്പുകടി ഉൾപ്പെടുത്താറില്ല. 2024-25ൽ 67 പേരാണ് മരിച്ചത്. ഇതിൽ 34-ഉം പാമ്പുകടിയേറ്റുള്ള മരണമാണ്. ഈ വർഷം ഏപ്രിലിനുശേഷം ഇതുവരെ 20 മരണം ഉണ്ടായിട്ടുണ്ട്. ഇതിൽ പത്തു പേർ കാട്ടാനയാക്രമണത്തിലാണ് മരിച്ചത്.
വന്യജീവികൾമൂലം ജീവനും സ്വത്തിനും നാശം നേരിട്ടവർക്ക് അഞ്ചുവർഷത്തിനുള്ളിൽ 79.14 കോടി രൂപയാണ് സർക്കാർ നഷ്ടപരിഹാരം നൽകിയത്. 2020 ഓഗസ്റ്റിൽ തുടക്കംകുറിച്ച സർപ്പ സംവിധാനത്തിലൂടെ 60000-ൽപ്പരം പാമ്പുകളെ സന്നദ്ധപ്രവർത്തകർ ജനവാസമേഖലകളിൽനിന്നു പിടികൂടി. 2019-ൽ പാമ്പുകടിയേറ്റ് 123 ജീവൻ പൊലിഞ്ഞ അവസ്ഥയിൽ നിന്നു 2025-ൽ 34 മരണം എന്ന് കുറയ്ക്കാനായി. കഴിഞ്ഞമാസം വരെ 4664 കാട്ടുപന്നികളെ അംഗീകൃത പാനലിലെ ഷൂട്ടർമാരുടെ സഹായത്തോടെ ഇല്ലായ്മ ചെയ്തു.