സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ളത് 18 പേർ


തിരുവനന്തപുരം :- സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് 18 പേർ ചികിത്സയിൽ.ഈ വർഷം 41 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണു കേസുകൾ റിപ്പോർട്ട് ചെയ്തത്. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യണമെന്നും ക്ലോറിൻ അളവ് പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉന്നതതല യോഗത്തിൽ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. ഇതു പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കും. ശുദ്ധജലസ്രോതസ്സുകൾ ആരോഗ്യപ്രവർത്തകർ പരിശോധിക്കണം.

അമീബിക് മസ്ത‌ിഷ്കജ്വരം പ്രതിരോധത്തിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ക്യാംപയിനിന് ഒരുങ്ങി ആരോഗ്യവകുപ്പ്. 30നും 31നും സംസ്ഥാനത്തെ വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ഹോസ്‌റ്റലുകൾ, ഫ്ലാറ്റുകൾ ഉൾപ്പെടെ എല്ലായിടത്തും കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം. ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കണം.
ജനങ്ങൾ ഉപയോഗിക്കുന്ന കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കാനും അവയിലേക്ക് എത്തുന്ന മാലിന്യവഴികൾ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനും മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുളങ്ങളും തടാകങ്ങളും മറ്റും വ്യത്തിയാക്കണം. ഓണാവധിക്കു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ക്യാംപെയ്ന‌ിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനവും ബോധവൽക്കരണവും നൽകും.
Previous Post Next Post