തലശ്ശേരി :- മലബാര്‍ മേഖലയുടെ അക്കാദമികവും വ്യവസായികവുമായ മുന്നേറ്റത്തിനുതകുന്ന നൂതന സംരംഭമായ കേരള ഫ്യൂച്ചർ ടെക്നോളജി ഹബ് തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. കിഫ്ബി ധനസഹായത്തോടെ ഗവേഷണം, ഇന്നൊവേഷൻ, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേപ്പ് തയ്യാറാക്കിയ 50 കോടി രൂപയുടെ പ്രോജക്ടിന് നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തത്വത്തില്‍ അംഗീകാരം നല്‍കി.
ട്രാൻസ്ലേഷണൽ റിസർച്ച് & കൺസൾട്ടൻസി ഹബ്, ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ ഹബ്, ട്രെയിനിംഗ് & സ്കില്‍ ഡെവലപ്മെന്റ് ഹബ് എന്നിങ്ങനെ ത്രിതല സംവിധാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉയർന്ന നിലവാരമുള്ള ഗവേഷണ-വികസന പദ്ധതി നിർവ്വഹണത്തിന് അവസരം നല്‍കുല്‍, സംരംഭക അവസരങ്ങളിലേക്കും വ്യവസായ മെന്റർഷിപ്പിലേക്കും നേരിട്ട് പ്രവേശനം നൽകുന്ന കോർപ്പറേറ്റ് പങ്കാളിത്തങ്ങൾ രൂപീകരിക്കല്‍, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകള്‍, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
നിര്‍ദ്ദിഷ്ട ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് കൂടി ഉള്‍പ്പെടുത്തി വ്യവസായം, തൊഴില്‍ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന നിലയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വിശദമായി പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അസി. പ്രൊഫസര്‍ ഡോ. ഉമേഷിന്റെ നേതൃത്വത്തില്‍ ഒരു ടീം രൂപീകരിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആഗസ്റ്റ് 13-ന് കിഫ്ബിയുമായി ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു.
സഹകരണ വകുപ്പുമന്ത്രിയുമായും കിഫ്ബി സി.ഇ.ഒ.യുമായും നിയമസഭാ സ്പീക്കര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി കേപ്പിന് കീഴിലുള്ള തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഇത്തരമൊരു സംരംഭം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
സഹകരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. പത്മകുമാര്‍, അഡീ. പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍, കേപ്പ് ഡയറക്ടര്‍ ഡോ. താജുദീന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ജയകുമാര്‍, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാല്‍ ഡോ. എബി ഡേവിഡ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.