കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി ആഗസ്റ്റ് ഏഴുവരെ നീട്ടി. തിരഞ്ഞെടുക്കപ്പെടുന്നവർ 1,52,300 രൂപ ആദ്യ ഗഡുവായി ഓഗസ്റ്റ് 20-നുള്ളിൽ അടയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 20,978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസ്സിനു മുകളിൽ 4112, മെഹറം ഇല്ലാത്ത വനിതകൾ 2817, പൊതുവിഭാഗം 13,255 എന്നിങ്ങനെയാണ് അപേക്ഷകൾ ലഭിച്ചത്.
ഈ വർഷം തുടങ്ങിയ, 20 ദിവസംകൊണ്ട്ഹജ്ജ് പൂർത്തിയാക്കി തിരിച്ചുവരുന്ന പാക്കേജിൽ 2186 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം കാത്തിരിപ്പുപട്ടികയിൽ ഉണ്ടായിരുന്ന 793 പേർക്ക് മുൻഗണന ലഭിക്കും. ഇത്തവണ കരിപ്പൂരിൽ അപേക്ഷകരുടെ എണ്ണം കുറവാണ്. അതിനാൽ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടശേഷം വിമാന യാത്രാക്കൂലി കുറവുള്ള പുറപ്പെടൽ കേന്ദ്രത്തിലേക്കു മാറാനുള്ള അവസരം നൽകണമെന്ന് സംസ്ഥാന ഹജ്ജ് മന്ത്രി വി.അബ്ദുറഹ്‌മാൻ ആവശ്യപ്പെട്ടിട്ടുണ്ട്.