ന്യൂഡൽഹി :- ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെയും ഇനി ആയുഷ് ഉൽപന്നങ്ങളുടെ പരസ്യം നൽകാം. അനുമതിയില്ലാതെ പരസ്യം പാടില്ലെന്ന ചട്ടം ഒഴിവാക്കിയത് നേരത്തേ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഇടക്കാല ഉത്തരവ് നീക്കിയ കോടതി ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കുകയും ചെയ്തു.
ഉൽപന്നങ്ങൾ നിർമിക്കാൻ അനുമതി നൽകുകയും എന്നാൽ അവ പരസ്യം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്യുന്നതു ശരിയല്ലെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണു സ്റ്റേ നീക്കിയത്. ഫലത്തിൽ, ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെയും പരസ്യങ്ങൾ നൽകാം. എന്നാൽ, ഇതുസംബന്ധിച്ചു മറ്റു പരാതികൾ ഉള്ളവർക്കു ബന്ധപ്പെട്ട അതോറിറ്റിയിൽ ഉചിതമായ നിയമപരിഹാരം തേടാമെന്നും ജസ്റ്റിസുമാരായ ബി.വി നാഗരത്നയും കെ.വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.