കണ്ണൂർ :- ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയിലൂടെ മാത്രം 10,000 കോടിയിലധികം രൂപയാണ് സംസ്ഥാന സർക്കാർ മാറ്റിവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികൾ, ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 78 പദ്ധതികൾക്കായി 5,700 കോടി രൂപയുടെ ഭരണാനുമതിയും നൽകി. മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3,200 കോടി രൂപയുടെ 17 പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയത്. ഇതിനുംപുറമെ നബാർഡ് ധനസഹായം വഴി 31 ആശുപത്രികൾക്കായി 450 കോടി രൂപയും നൽകി.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,498.5 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് സർക്കാർ ചെലവിട്ടത്. പൊതുജനങ്ങൾക്ക് സൗജന്യ മരുന്ന് നൽകാൻ മെഡിക്കൽ സർവീസസ് കോർപറേഷനിലൂടെ മാത്രം സംസ്ഥാനം ചെലവിട്ടത് 3,300 കോടിയോളം രൂപയാണ്. 42.5 ലക്ഷം കുടുംബങ്ങളാണ് സൗജന്യ ചികിത്സാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആരോഗ്യ സ്ഥാാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമായ നിലപാട് എടുത്തതിന്റെ പരിണിത ഫലമാണ് ഇതൊക്കെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
61.76 കോടി രൂപ ചെലവിലാണ് ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയാക്കിയിരിക്കുന്നത്. ഇവിടെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ജില്ലയിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കും. അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിൽ കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി ഒ പികൾക്കു പുറമെ മൂന്ന് ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ഐസിയുകൾ, ഡയാലിസിസ് യൂണിറ്റ്, 23 എക്‌സിക്യൂട്ടീവ് പേ വാർഡുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സ്‌പെഷ്യാലിറ്റി ഒപികൾക്കു പുറമേ കൗമാര ക്ലിനിക്, ജീവിതശൈലീ രോഗക്ലിനിക്, ട്രോമാകെയർ, ബ്ലഡ് ബാങ്ക് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ ആശുപത്രിയിലെ കാത്ത്‌ലാബിൽ നിരവധി പേരാണ് സൗജന്യ നിരക്കിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ സേവനങ്ങൾ ഉപയോഗപ്പെടുത്തിവരുന്നത്. സ്വകാര്യ ആശുപത്രികളിൽ ഇത്തരം ചികിത്സാരീതികൾക്കുള്ള ചെലവ് പരിശോധിക്കുമ്പോഴാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രാധാന്യം ബോധ്യമാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് നൽകിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ശുപത്രിയിൽ ഓക്സിജൻ സപ്പോർട്ട് വാർഡ് ഒരുക്കിയത്. ദേശീയ ആരോഗ്യ ദൗത്യം വഴി എമർജൻസി കോവിഡ് റെസ്പോൺസ് പാക്കേജിന്റെ ഭാഗമായാണ് ഈ സംവിധാനം സജ്ജീകരിച്ചത്. രണ്ടു കോടിയോളം രൂപ വിനിയോഗിച്ച് ജില്ലാ പഞ്ചായത്താണ് ഇതിനുള്ള ഭൗതിക സാഹചര്യമൊരുക്കിയത്. മിനിറ്റിൽ 500 ലിറ്റർ ഉൽപ്പാദനശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ് നിലവിൽ വന്നതോടെ ഓക്‌സിജൻ വിതരണത്തിലും സ്വയംപര്യാപ്തത നേടാൻ ഈ ആശുപത്രിയ്ക്കായി. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് തുടർച്ചയായി ദേശീയ അംഗീകാരങ്ങൾ ലഭിച്ചുവരുന്ന കാലമാണിത്. സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങൾക്കു കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സർട്ടിഫിക്കേഷൻ ലഭിച്ചത് ഇക്കഴിഞ്ഞ മാസമാണ്. ഇതോടെ സംസ്ഥാനത്തെ 233 ആരോഗ്യ സ്ഥാപനങ്ങൾ ഈ പട്ടികയിലെത്തി. ഏഴ് ജില്ലാ ആശുപത്രി, അഞ്ച് താലൂക്ക് ആശുപത്രി, 11 സാമൂഹികാരോഗ്യ കേന്ദ്രം, 46 നഗര കുടുംബാരോഗ്യ കേന്ദ്രം, 154 കുടുംബാരോഗ്യ കേന്ദ്രം, 10 ജനകീയാരോഗ്യ കേന്ദ്രം എന്നിവയ്ക്കാണ് നിലവിൽ എൻ ക്യൂ എ എസ് അംഗീകാരമുള്ളത്. ഒട്ടുമിക്ക ആരോഗ്യ സൂചകങ്ങളുടെ കാര്യത്തിലും കേരളം മുൻപന്തിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ മികച്ചവ പല അന്താരാഷ്ട്ര കമ്പനികളും സ്വന്തമാക്കുകയാണ്. കെട്ടിടവും ബോർഡുകളും ആളുകളുമെല്ലാം പഴയത് തന്നെയാണെങ്കിലും ആശുപത്രി നിരക്ക് പുതിയവരുടെ കാഴ്ചപ്പാട് അനുസരിച്ചാണ് വരുന്നത്. അത് വൻ നിരക്കിലേക്ക് കുതിക്കുന്നു.
ആശുപത്രി എന്നത് രോഗങ്ങൾക്കുള്ള ചികിത്സ കേന്ദ്രം എന്നതിലുപരി തങ്ങൾ മുടക്കുന്ന കാശ്ശിനുള്ള ലാഭം വർദ്ധിപ്പിക്കാനുള്ള ഇടം എന്ന തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അപ്പോൾ എത്തിപ്പെടുന്ന രോഗികൾ ചികിത്സയുടെയും രോഗത്തിന്റെയും ഭാഗമായി ആവശ്യമായി വരുന്ന പരിശോധനയ്ക്ക് മാത്രമല്ല വിധേയമാവുക. പറ്റുന്ന എല്ലാ പരിശോധനകളും നടത്തും. അതിനുള്ള ക്വാട്ട നിശ്ചയിച്ചു കൊടുക്കും. ആ ക്വാട്ടയിലേക്ക് എത്താത്തവർക്ക് അവിടെ തുടരാൻ ആവില്ല. ഇതിന്റെയൊക്കെ ചെറിയ രൂപം ഏതാനും സ്വകാര്യ ആശുപത്രികളിൽ ഉണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര ഭീമന്മാർ വരുമ്പോൾ അതിന്റെ രൂപവും ഭാവവും മാറുകയാണ്. അത്തരം ശക്തികൾ ഇങ്ങോട്ട് വരുമ്പോൾ ആ ശക്തികൾക്ക് നല്ല ഒരന്തരീക്ഷം ഇവിടെ വേണം. അതിന് ആവശ്യമായിട്ടുള്ളത് മറ്റു പ്രധാനപ്പെട്ട സമാന്തര മേഖലകൾ ഇല്ലാതിരിക്കലാണ്. എന്നാൽ കേരളത്തിൽ എല്ലാം തികഞ്ഞ പൊതു ആരോഗ്യ സംവിധാനമുണ്ട്. ജനകീയ ആസൂത്രണ പദ്ധതി നടപ്പാക്കിയപ്പോൾ അതിന്റെ ഒരു ഭാഗം ആശുപത്രികൾ സജ്ജാക്കുന്നതിന് കൂടി ഉപയോഗിച്ചിരുന്നു. നല്ല രീതിയിൽ കേരളത്തിലെ ആശുപത്രികൾ സജ്ജമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ഏറ്റവും തകർച്ച കാലമായിരുന്നു 2011- 16 കാലഘട്ടം. ആരോഗ്യമേഖലയിൽ എങ്ങനെ ഉയർത്തിക്കൊണ്ടു വരാമെന്നാണ് 2016 ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രധാനമായും ആലോചിച്ചത്. അതിന്റെ ഭാഗമായിരുന്നു ആർദ്രം മിഷൻ. അതോടൊപ്പം ബജറ്റിന് പുറത്ത് വികസന പദ്ധതികൾ നടപ്പാക്കുന്നതിന് വേണ്ടി നാം അംഗീകരിച്ച പദ്ധതിയാണ് കിഫ്ബി. അത് വലിയതോതിൽ സഹായകമായി.
ഇതിന്റെ ഫലം കേരളത്തിന്റെ ആരോഗ്യ രംഗം സമാനതകളില്ലാത്ത തലത്തിലേക്ക് ഉയർന്നു വന്നു എന്നതാണ്. ഈ കാലയളവിലാണ് ലോകത്തെ വിറങ്ങലിപ്പിച്ച കോവിഡ് മഹാമാരി നമുക്ക് നേരിടേണ്ടി വന്നത്. കോവിഡിൽ കേരളം സ്വീകരിച്ച നിലപാടുകൾ രാജവും ലോകവും ശ്രദ്ധിച്ചു. ലോകത്തെ സമ്പദ്സമൃദ്ധിയുടെ പറുദീസ എന്ന കണക്കാക്കപ്പെടുന്ന രാഷ്ട്രം പോലും കോവിഡിന് മുമ്പിൽ മുട്ടുകുത്തി വീണു. വെന്റിലേറ്ററുകൾ ഇല്ലാതായ അവസ്ഥ, വെന്റിലേറ്റർ വിച്ഛേദിക്കാൻ നിർബന്ധിതരായ ഡോക്ടർമാർ ഇതെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാം കണ്ടു. എന്നാൽ ഈ പറയുന്ന ഒരു പ്രശ്നവുമില്ലാത്ത ആരോഗ്യരംഗമായിരുന്നു കേരളത്തിലേത്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ പോലും ആരോഗ്യ രംഗത്ത് നാം ഒരുക്കിയ സംവിധാനങ്ങൾ മികച്ചതായിരുന്നു. ആവശ്യത്തിനുള്ള ഹോസ്പിറ്റലുകളും ബഡ്ഡുകളും ഒഴിവുണ്ടായിരുന്നു. കേരളത്തിന്റെ ആരോഗ്യരംഗം പൊതുവേ ലോകത്തെല്ലാം അഭിനന്ദിക്കുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടികളുമായിട്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. എല്ലാ ജില്ലകളിലും മികച്ച സൗകര്യങ്ങളോടെ സർക്കാർ ആശുപത്രികൾ നിൽക്കുന്നു. പുതിയ സൗകര്യങ്ങൾ വന്നതോടുകൂടി സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. പ്രതിദിനം മൂവായിരത്തിലേറെ പേർ ഒപികളിൽ വരുന്നതായാണ് കണക്ക്. സൗജന്യമായി മികച്ച ചികിത്സയും മരുന്നും ലഭിക്കുമെന്ന ഉറപ്പാണ് പൊതുജനങ്ങളെ ഇവിടേക്ക് എത്തിക്കുന്നത്. എന്നാൽ കേരളത്തിന്റെ മികവാർന്ന ആരോഗ്യരംഗത്തെ താറടിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നിനുപുറകെ ഒന്നായി കഥകൾ മെനയുന്നത് അതിന്റെ ഭാഗമാണ്. അവർക്ക് ആവശ്യം കേരളത്തിലെ ആരോഗ്യരംഗം ഒന്നുമല്ല എന്ന് സമർത്ഥിക്കലാണ്. ഇത് നാം മനസ്സിൽ കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിൽ പ്രതിജ്ഞാബദ്ധമായ ഇടപെടലുകൾ സംസ്ഥാന സർക്കാർ തുടരും. എന്നാൽ അതുമാത്രം പോരാ. പൊതുജനങ്ങളുടെ ജാഗ്രതാപൂർണമായ സഹകരണം കൂടി ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങളെ സംരക്ഷിച്ചും മെച്ചപ്പെടുത്തിയും മുന്നേറാൻ കഴിയൂ. ആരോഗ്യകരമായ ശീലങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകണം. അതുവഴി ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനാവും. മാത്രമല്ല, മാലിന്യസംസ്‌കരണം അടക്കമുള്ള പ്രവർത്തനങ്ങൾ ഗൗരവത്തോടെ ഏറ്റെടുക്കുകയും വേണം. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി സർക്കാർ നടത്തിവരുന്ന ഇടപെടലുകളിൽ ജനപങ്കാളിത്തം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യം, വനിത ശിശുവികസനം വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയായി. സംസ്്ഥാനത്തെ 12 താലൂക്ക് ആശുപത്രികളിൽ മാത്രം ഉണ്ടായിരുന്ന ഡയാലിസിസ് സൗകര്യം ഇന്ന് 116 താലൂക്ക് ആശുപത്രികളിൽ സാധ്യമായെന്നും ഡിസംബറോടുകൂടി മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റ ആരോഗ്യമേഖലയുടെ അതിശയിപ്പിക്കുന്ന മുന്നേറ്റത്തിന്റെ നേർക്കാഴ്ചയാണിത്. ആരോഗ്യ കേന്ദ്രങ്ങൾ ജനസൗഹൃദമാക്കി, രോഗശയ്യയിൽ പതറിപ്പോകുന്നവരെ ചേർത്ത് പിടിക്കുന്ന സമഗ്ര മുന്നേറ്റമാണ് ആർദ്രം മിഷനിലൂടെ സാധിച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാത്ത്ലാബ് പാവപ്പെട്ട മനുഷ്യർക്ക് നൽകുന്ന ആശ്വാസം വളരെ വലുതാണ്. സ്വകാര്യ ആശുപത്രികളിലെ ലക്ഷങ്ങൾ ചിലവ് വരുന്ന ഹൃദയശസ്ത്രക്രിയയാണ് അർഹരായവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇവിടെ ലഭ്യമാക്കുന്നത്. ഒമ്പത് വർഷത്തിനു മുന്നേ ജില്ലാ ആശുപത്രിയിൽ ഒരു കാത്ത്ലാബ് ഉണ്ടാകുമെന്ന് ചിന്തിക്കാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഇന്ന് അതൊരു യാഥാർഥ്യമാണെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ, രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിശിഷ്ടാതിഥികളായി. കേരളത്തിന്റെ ആരോഗ്യമേഖലയുടെ തിലക കുറിയായിരിക്കും ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കെന്ന് സ്പീക്കർ പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്നും നിർമ്മിച്ച രോഗികളുടെ കൂടയുള്ളവർക്കുള്ള കാത്തിരിപ്പ് കേന്ദ്രം പൂർത്തിയായിക്കഴിഞ്ഞെന്നും ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കൂടാതെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ആംബുലൻസ് ഉടൻ തന്നെ ജില്ലാ ആശുപത്രിക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ ഷാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എൻ.വി ശ്രീജിനി, യു.പി ഉഷ, വി.കെ സുരേഷ് ബാബു, ടി.സരള, മെമ്പർ തോമസ് വക്കത്താനം, കണ്ണൂർ കന്റോൺമെന്റ് സിഇഒ മാധവി ഭാർഗവ, ഡിഎംഒ ഡോ.എം.പിയുഷ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽകുമാർ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ബിഎസ്എൻഎൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീരാമകൃഷ്ണൻ, മുൻ എം.പി കെ.കെ. രാഗേഷ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.