കണ്ണൂർ:-ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കോളേജ് വിദ്യാർഥികൾക്കുള്ള മെഗാ പ്രശ്നോത്തരി മത്സരവും കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സിൽ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. പ്രചരണ പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. ജില്ലാ വെക്ടർ ബോൺ ഡീസീസ് കൺട്രോൾ ഓഫീസർ ഡോ. കെ.കെ ഷിനി അധ്യക്ഷയായി. എൻഎച്ച്എം ഡിപിഎം ഡോ.പി കെ അനിൽകുമാർ ദിനാചരണ സന്ദേശം നൽകി. 'കൂടുതൽ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം' എന്നതാണ് ഈ വർഷത്തെ ലോക കൊതുക് ദിന സന്ദേശം.
പ്രശ്നോത്തരി മത്സരത്തിൽ മലബാർ കാൻസർ സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിലെ വിദ്യാർഥിനികളായ മാളവിക നെല്ലിക്ക, കെ അഖില എന്നിവർ ഒന്നാം സ്ഥാനം നേടി. തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിലെ കെ സി ദ്രുപത്, പ്രിഥി പവിത്രൻ എന്നിവർ രണ്ടാം സ്ഥാനവും കണ്ണൂർ എസ് എൻ കോളേജിലെ യു കെ ഗീതിക, യദുനന്ദ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ജില്ലാ ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. സി പി ബിജോയ് ക്വിസ് മത്സരം നയിച്ചു. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനമായി ലഭിക്കും.
ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ സി സച്ചിൻ, കോളേജ് ഓഫ് കോമേഴ്‌സ് ചെയർമാൻ അനിൽകുമാർ, പ്രിൻസിപ്പൽ വിജയമ്മ നായർ, ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ്മാരായ കെ.ജി ഗോപിനാഥൻ, എം ബി മുരളി, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് സി പി രമേശൻ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി എ ഷബീർ, ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി സുധീഷ് എന്നിവർ സംസാരിച്ചു.
കൊതുക് ജന്യ രോഗങ്ങൾ ഏതെല്ലാം
ഡെങ്കിപ്പനി
ഡെങ്കി വൈറസ് ആണ് ഡെങ്കിപ്പനിയുടെ രോഗകാരി. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തിൽ പെടുന്ന പെൺ കൊതുകുകളാണ് വൈറസിനെ വഹിച്ചു രോഗം പരത്തുന്നത്. ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത്. പകൽ സമയത്താണ് ഇത്തരം കൊതുകുകൾ കടിക്കുന്നത്. നഗര മേഖലയിൽ ഈഡിസ് ആൽബോ പിക്റ്റസ് വിഭാഗം കൊതുകുകളെ ആണ് രോഗകാരികളായി കണ്ടെത്തിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ ഈ വർഷം ഇതുവരെ 4181 ഡെങ്കി കേസുകളും മൂന്ന് മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുകയാണ് കൊതുകജന്യ രോഗങ്ങൾ തടയുന്നതിനുള്ള എളുപ്പവഴി. വീടിനോടും മറ്റും കൊതുകിന്റെ ഉറവിടം കണ്ടെത്തിയാൽ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ നിയമപ്രകാരം 10000 രൂപ പിഴ ഈടാക്കും.
മലേറിയ അഥവാ മലമ്പനി
അനോഫിലിസ് പെൺ കൊതുകുകളാണ് മലേറിയ അഥവാ മലമ്പനി പരത്തുന്നത്. രാത്രികാലത്താണ് ഈ കൊതുകുകൾ കടിക്കുന്നത്. ജില്ലയിൽ ഇതുവരെ 44 മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 44 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ എത്തിയവരായിരുന്നു. അതിൽ 27 അതിഥി തൊഴിലാളികളും 17 പ്രവാസി മലയാളികളും ഉൾപ്പെടുന്നു. ഈ വർഷം തദ്ദേശീയ മലേറിയ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം ജില്ലയിൽ, 64 മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ നാല് കേസുകൾ കണ്ണൂർ നഗരത്തിൽ നിന്നും തദ്ദേശീയമായി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. മൂന്നുവർഷത്തോളം തുടർച്ചയായി തദ്ദേശീയ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെയും മലേറിയ മരണവും ഇല്ലാത്ത സാഹചര്യത്തിലാണ് ജില്ലയെ മലമ്പനി വിമുക്തമായി പ്രഖ്യാപിക്കാൻ സാധിക്കുന്നത്.
മന്ത് രോഗം (ഫൈലേരിയ)
ക്യുലക്സ്, മാൻസോണിയ കൊതുകുകൾ ആണ് ഈ രോഗം പരത്തുന്നത്. ബുച്ചേറേറിയ ബാൻക്രോഫ്റ്റി എന്ന വിരകൾ ആണ് രോഗകാരി.
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ നിലവിൽ 876 മന്ത് രോഗികളാണുള്ളത്. തലശ്ശേരി മുൻസിപ്പാലിറ്റി, കണ്ണൂർ കോർപ്പറേഷൻ, തളിപ്പറമ്പ് മുനിസിപ്പാലിറ്റി, അഴീക്കോട്, ചിറക്കൽ, വളപട്ടണം, എന്നിവിടങ്ങളിലാണ് മന്ത് രോഗം കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വർഷം മന്ത് രോഗ വാഹകരായി കണ്ടെത്തിയിട്ടുള്ളത് ജില്ലയിൽ 67 പേരെയാണ്. ഇതിൽ 61 പേർ അതിഥി തൊഴിലാളികളും 6 പേർ തദ്ദേശീയരും ആണ്. അതിഥി തൊഴിലാളികളിൽ പ്രധാനമായും ബീഹാർ, ജാർഖണ്ഡ്, മേഖലയിൽ നിന്ന് വരുന്നവരിലാണ് മന്ത് രോഗവിരകളെ കണ്ടെത്തിയിട്ടുള്ളത്.
വെസ്റ്റ് നൈൽ ഫീവർ,
കൊതുകുജന്യ രോഗമായ വെസ്റ്റ് നൈൽ ഈ വർഷം കണ്ണൂർ ജില്ലയിൽ നിലവിൽ രണ്ടു കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചിറ്റാരിപ്പറമ്പ്, തളിപ്പറമ്പ് മേഖലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ചിക്കൻ ഗുനിയ
കണ്ണൂർ ജില്ലയിൽ ഈ വർഷം ഒരു ചിക്കൻ ഗുനിയ കേസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2024 ൽ രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തു.
ജപ്പാൻ ജ്വരം
കൊതുകു വഴി പകരുന്ന മറ്റൊരു രോഗമാണ് ജാപ്പനീസ് എൻസഫലൈറ്റീസ് അഥവാ ജപ്പാൻ ജ്വരം. ജില്ലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.