കണ്ണൂർ: -മുപ്പത്തി രണ്ടാമത് എഡിഷൻ കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് മാട്ടൂലിൽ പ്രൗഡമായ തുടക്കം. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് പരിയാരം അബ്ദു റഹ്മാൻ ബാഖവിയുടെ നേതൃത്വത്തിൽ നടന്ന താജുൽ ഉലമ മഖാം സിയാറത്തോടെയാണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്. പിന്നീട് നടന്ന സാംസ്‌കാരിക സഞ്ചാരം വൈകിട്ട് നലിന് മാട്ടൂൽ തങ്ങൾ മഖാം സിയാറത്തോടെ സമാപനം കുറിച്ചു. ജില്ലയിലെ വിവിധ മഖാമുകളിൽ നടന്ന സിയാറത്തുകളിൽ നിരവധി പേർ സംബന്ധിച്ചു.
വൈകിട്ട് അഞ്ചിന് സ്വാഗത സംഘം ചെയർമാൻ മുഹ്‌യിദ്ധീൻ സഖാഫി മാട്ടൂൽ പതാക ഉയർത്തി.തുടർന്ന് നടന്ന പുസ്തകോത്സവം സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രഗത്ഭരായ വിവിധ പ്രസാധകരുടെ നൂറു കണക്കിന് പുസ്തകങ്ങൾ വായന പ്രേമികളിൽ കൗതുകമുണർത്തി. അറിവാന്വേഷികൾക്ക് സഹായകരമാവും വിധം സാഹിത്യോത്സവിന്റെ അവസാന ദിനം വരെ പുസ്തകൊത്സവ കൗണ്ടർ സജ്ജമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ കരിയർ സാധ്യതകൾ, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ പ്രവേശന പരീക്ഷകൾ, പ്രശസ്തമയ യൂണിവേഴ്സിറ്റികളും ലഭ്യമായ കോഴ്സുകളും പരിചയപ്പെടുത്തി കൊടുക്കുന്ന എജ്യു നെക്സ്റ്റ് പവലിയൻ സാഹിത്യോത്സവിലെ പ്രധാന ആകർശണമായി.
സൗഹൃദത്തിന്റെ മാടായിപ്പെരുമ സെഷൻ പ്രദേശത്തിന്റെ സാംസ്‌കാരിക തനിമയും മതമൈത്രിയും വിളിച്ചോതുന്നതായി. നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകർ (സ്വ) യുടെ അനുചരന്മാരാൽ സ്ഥാപിതമായ മാടായിപ്പള്ളി ഇന്നും പഴയ തനിമയോടെ നിലനിൽക്കുന്നത് പ്രാദേശിക മത സൗഹാർദത്തിന്റെ ജീവിക്കുന്ന തെളിവായി സംഗമം വിലയിരുത്തി.
തുടർന്ന് നടന്ന ആത്മീയ സംഗമത്തിൽ ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി.സാഹിത്യോത്സവിന്റെ രണ്ടാം ദിനമായ ഇന്ന് വൈകിട്ട് 4 മുതൽ നേതൃ സംഗമം നടക്കും. പിന്നീട് നടക്കുന്ന പ്രകീർത്തന സദസ്സിന് അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം നൽകും. കേരളത്തിലെ പ്രശസ്തരായ നിരവധി മദ്ഹ് ഗായകർ സംബന്ധിക്കും.