മുണ്ടേരി:-തന്റെ ഐ എ എസ് യാത്രയുടെ വിവിധ ഘട്ടങ്ങൾ കുട്ടികളുമായി പങ്കുവെച്ച് പത്തനംതിട്ട മുൻ കലക്ടറും കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രൊജക്റ്റ് ഡയറക്ടറുമായ ഡോ. ദിവ്യ എസ് അയ്യർ. മുദ്രാകിരണം സിവിൽ സർവീസ് പരീശീലന പരിപാടിയുടെ ഭാഗമായി മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സിവിൽ സർവീസ് പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുമായാണ് അവർ സംവദിച്ചത്. ഐ.എ.എസ് പരിശീലനം ഭാരതത്തിന്റെ ഹൃദയത്തിലേക്കുള്ള യാത്രയാണെന്ന് അവർ പറഞ്ഞു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ നേരിടാൻ വിദ്യാർഥികൾ തയ്യാറാകണം.
സ്‌കൂൾ കാലയളവിൽ അധ്യാപകരും എം.ബി.ബി.എസിന് പഠനകാലത്ത് രോഗികളുമായിരുന്നു കരുത്ത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ ഘടകങ്ങളാണ് കരുത്തായി വരുന്നത്. മാതൃത്വം ഔദ്യോഗിക ജീവിതത്തിന് കരുത്തായിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷ ഫലം വന്നപ്പോൾ ഡി.പി.ഐ വിളിച്ച് റാങ്ക് വിവരം അറിയിച്ചത് വളരെ ആവേശമായി. മറ്റൊരാളുടെ വിജയം നമ്മുടെ വിജയമായി കാണാനുള്ള മനസ്സുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. ദേവനന്ദ, ദ്യുതി എസ് രാജ്, റിയ രാജീവൻ, അലൻ അജേഷ്, ജുമാന എന്നീ വിദ്യാർഥികൾ സംശയങ്ങൾ പങ്കുവെച്ചു.
മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.കെ രാഗേഷ് അധ്യക്ഷനായി. മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പങ്കജാക്ഷൻ, പ്രിൻസിപ്പൽ എം മനോജ് കുമാർ, ഹെഡ്മിസ്ട്രസ് റംലത്ത് ബീവി, വിദ്യാഭ്യാസ സമിതി ജനറൽ കൺവീനർ പി.പി ബാബു, ഡോ. പ്രിയ വർഗീസ്, കെ വേണു, രംഗി രമേഷ്, ഡോ. കെ ആർ രാജേഷ് എന്നിവർ പങ്കെടുത്തു.