ദില്ലി: -രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർ പട്ടിക അട്ടിമറി ആരോപണം പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ചർച്ച ആവശ്യപ്പെട്ട് ഇരു സഭകളിലും ഇന്ന് നോട്ടീസ് നൽകും. രാഹുലിന് പിന്തുണയുമായി ഇന്ത്യാ സഖ്യ യോഗവും രംഗത്തുണ്ട്. ഇന്ന് ബംഗളൂരുവിൽ രാഹുലിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം പേരെ അണിനിരത്തി പ്രതിഷേധവും നടത്തും.
ബിഹാറിലെ സമഗ്രവോട്ടർപട്ടിക പരിഷ്കരണ വിഷയത്തോടൊപ്പം വോട്ടർ പട്ടിക അട്ടിമറി ആരോപണവും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരിക്കും എംപിമാർ നോട്ടീസ് നൽകുന്നത്. ഇന്നലെ ചേർന്ന ഇന്ത്യ സഖ്യ യോഗം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വിഷയങ്ങളോട് യോജിച്ചിരുന്നു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പ്രതിപക്ഷ മാർച്ചിന് രാഹുൽ നേതൃത്വം നൽകും. ബീഹാറിലും അടുത്തയാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ യാത്ര സംഘടിപ്പിക്കും. ആരോപണത്തിനുള്ള * തെളിവ് രേഖാമൂലം നൽകാൻ ആവശ്യപ്പെട്ട് കർണ്ണാടകയിലെയും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിക്ക് ഇന്നലെ കത്തയച്ചിട്ടുണ്ട്.