കൊച്ചി :- അറബിക്കടൽ തീരങ്ങളിൽ തിമിംഗലങ്ങൾ ചത്ത് അടിയുന്നത് വർധിച്ചെന്ന കണക്കുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കഴിഞ്ഞ പത്ത് വർഷത്തിൽ ചത്ത തിമിംഗലങ്ങളുടെ എണ്ണത്തിൽ പത്ത് മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്. 2004-2013 കാലയളവിൽ പ്രതിവർഷം 0.3 ശതമാനമായിരുന്ന മരണ നിരക്ക്, 2013-2023 കാലയളവിൽ പ്രതിവർഷം 3 ശതമാനമായി കുത്തനെ കൂടിയെന്ന് പഠനത്തിൽ വ്യക്തമായി.
കേരളം, കർണാടക, ഗോവ തീരങ്ങളിലാണ് തിമിംഗലങ്ങൾ ഏറ്റവും കൂടുതൽ ചത്ത് അടിയുന്നത്. ഉയർന്ന അളവിലുള്ള കപ്പൽ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങൾ, ആഴം കുറഞ്ഞ തീരക്കടൽ എന്നിവ ഇതിന് ആക്കം കൂട്ടുന്നു. കടലിലെ ശബ്ദമലിനീകരണം, കപ്പൽ അപകടങ്ങൾ, ആവാസകേന്ദ്രങ്ങളുടെ തകർച്ച എന്നിവ തിമിംഗലങ്ങളുടെ നിലനിൽപിന് ഭീഷണിയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും ഉയർന്ന പൗരബോധവും, ചത്തടിയുന്ന സംഭവങ്ങൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ ഇടയായിട്ടുണ്ടെന്ന് പഠനം പറയുന്നു.
ബ്രൈഡ്സ് തിമിംഗലമാണ് കൂടുതലായി ചത്ത് തീരത്ത് അടിയുന്നത്. 2023ൽ മാത്രം ഒമ്പത് തിമിംഗലങ്ങളാണ് ചത്തടിഞ്ഞത്. ആഗസ്ത്-നവംബർ മാസങ്ങളിലാണ് കൂടുതലായും ഇവ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.